മുംബൈയിൽ ഫ്ലാറ്റുകളിൽ ബലിയറുക്കുന്നത് ബോംെബ ഹൈകോടതി നിരോധിച്ചു
text_fieldsമുംബൈ: ബലിപെരുന്നാളിന് നഗരത്തിൽ ഫ്ലാറ്റുകളിലും ഹൗസിങ് സൊസൈറ്റികളിലും ആട്, മാടുകളെ അറുക്കുന്നത് ബോംെബ ഹൈകോടതി നിരോധിച്ചു. ജീവ് മൈത്രി ട്രസ്റ്റ് നൽകിയ പൊതു താൽപര്യ ഹരജിയിൽ ജസ്റ്റിസുമാരായ എസ്.സി. ധർമാധികാരി, ജി.എസ്. പേട്ടൽ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.
വൃദ്ധരും കുട്ടികളും ഉൾപ്പെടെ ഫ്ലാറ്റുകളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും പൊതുജന ആരോഗ്യവും ചൂണ്ടിക്കാട്ടിയാണ് വിധി. ഇടക്കാല ഉത്തരവാണിത്. ഹരജിയിൽ വിശദമായ വാദംകേൾക്കൽ ബുധനാഴ്ച തുടരും. ഉത്തരവോടെ സ്വകാര്യ ഫ്ലാറ്റുകളിലും ഹൗസിങ് സൊസൈറ്റികളിലും ബലിയറുക്കാൻ മുംബൈ നഗരസഭ നൽകിയ 7000 താൽക്കാലിക ലൈസൻസുകൾ അസാധുവായി.
സർക്കാർ വക അറവു ശാലകളിലും മറ്റ് മാംസ വിൽപന ചന്തകളിലും നിബന്ധനകളോടെ പള്ളിയുടെ പരിസരങ്ങളിലും മാത്രമേ ഇനി ബലിയറുക്കാൻ കഴിയുകയുള്ളൂ. പൊതുജന കേന്ദ്രങ്ങളിൽനിന്ന് ഒരു കി.മീറ്റർ അകെലയുള്ള പള്ളികളുമായി ബന്ധപ്പെട്ട അറവു ശാലക്ക് അനുമതി നൽകാവൂ എന്നാണ് നിന്ധന.
ബലിപെരുന്നാളിന് ദിവസങ്ങൾ ബാക്കിനിൽക്കെ കോടതി ഉത്തരവ് പലർക്കും പ്രതികൂലമായി. ഡൽഹി, കൊൽക്കത്ത എന്നീ നഗരങ്ങളിൽ ഇത്തരം നിർദേശങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയ അഭിഭാഷകൻ ഇജാസ് നഖ്വി ഉത്തരവിന് എതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത് ആലോചിക്കുന്നതായി അറിയിച്ചു.
കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ രണ്ടിന് ബലിയറുക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി നഗരസഭ സമർപ്പിച്ചിരുന്നു. ഫ്ലാറ്റുകളിൽ അറവിന് താൽക്കാലിക അനുമതി എന്ന നിർദേശമാണ് കോടതി തള്ളിയത്.
വൃത്തിയും അതുമൂലം ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഒരു തരത്തിലും അനുവദിക്കാൻ പറ്റില്ലെന്ന് കോടതി പറയുകയായിരുന്നു. ഇടക്കാല ഉത്തരവിനെ മതപരമായ കാര്യങ്ങളിലെ ഇടപെടലായി കാണരുതെന്നും കോടതി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.