ആന്റണി രാജുവിനെതിരായ കേസ് അതിഗൗരവമുള്ളതെന്ന് സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: ആസ്‌ട്രേലിയന്‍ പൗരനെ ലഹരിമരുന്നു കേസില്‍നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രം വിചാരണ കോടതിയിൽനിന്ന് മോഷ്ടിച്ചുവെന്ന മന്ത്രി ആന്റണി രാജുവിനെതിരായ കേസ് അതിഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി. മാറ്റിയെന്നു പറയുന്ന തൊണ്ടി മുതൽ വിചാരണ കോടതിയിൽ തിരിച്ചേൽപിച്ചിരുന്നോ എന്ന് ചൊവ്വാഴ്ച സുപ്രീംകോടതി ആന്റണി രാജുവിനോട് ചോദിച്ചു.
തിരികെ നൽകിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ആന്റണി രാജു സമർപ്പിച്ച അപ്പീലിന് മറുപടി നൽകാൻ കേരള സർക്കാർ കൂടുതൽ സമയം ചോദിച്ചതിനെ തുടർന്ന് കേസ് സുപ്രീംകോടതി നവംബർ ഏഴിലേക്ക് മാറ്റി. ലഹരിമരുന്നു കേസില്‍ പിടിയിലായ ആസ്‌ട്രേലിയന്‍ പൗരന്റെ സാധനങ്ങള്‍ വിട്ടുനല്‍കാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവില്‍ തൊണ്ടിമുതലായ അടിവസ്ത്രവും ഉള്‍പ്പെട്ടിരുന്നോ എന്നും സുപ്രീംകോടതി ചോദിച്ചു.
എറണാകുളം സ്വദേശി എം.ആർ. അജയൻ സമർപ്പിച്ച ഹരജിക്ക് മറുപടി സത്യവാങ്മൂലം സമർപ്പിക്കാമെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകൻ ദീപക് പ്രകാശ് കോടതിയെ അറിയിച്ചു. അജയന്‍ നല്‍കിയ ഹരജിയില്‍ കോടതി ജീവനക്കാരനായ തന്റെ കക്ഷിയെ തൊണ്ടി ക്ലര്‍ക്ക് എന്നാണ് വിശേഷിപ്പിച്ചതെന്നും ഇത് നീക്കണമെന്നും ദീപക് പ്രകാശ് ബോധിപ്പിച്ചു.
തൊണ്ടിയായ അടിവസ്ത്രം മാറ്റിവെച്ചതിനെ തുടര്‍ന്ന് പ്രതി ശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടുവെന്നാണ് ആന്റണി രാജുവിനും കോടതി ജീവനക്കാരനായ ജോസിനുമെതിരായ കേസ്. തുടർനടപടിയെടുക്കാൻ ഹൈകോടതി രജിസ്ട്രാർക്ക് നിർദേശം നൽകിയ കേരള ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ആന്റണി രാജു സമർപ്പിച്ച അപ്പീലിൽ സുപ്രീംകോടതി അന്തിമ തീരുമാനമെടുക്കുന്നതുവരെ സ്റ്റേ തുടരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.