ജാതിതിരിച്ച് സമൂഹത്തെ വിഭജിക്കരുത്; സംവരണ കേസിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
text_fieldsചീഫ് ജസ്റ്റിസ് സൂര്യകാന്ത്
ന്യൂഡൽഹി: സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിച്ചുകാണാൻ പാടില്ലെന്ന് സംവരണ കേസിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ആനുപാതിക പ്രാതിനിധ്യമാണ് ചോദിക്കുന്നതെന്ന് ചീഫ് ജസ്റ്റിസിനോട് പ്രമുഖ അഭിഭാഷക ഇന്ദിര ജയ്സിങ് ഇതിന് മറുപടിയും നൽകി. മഹാരാഷ്‍ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ സംവരണവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിനിടയിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.
തദ്ദേശ തെരഞ്ഞെടുപ്പിൽ 50 ശതമാനമെന്ന സംവരണ പരിധി നടപ്പാക്കിയാൽ താഴെത്തട്ടിലെ ജനാധിപത്യ പ്രാതിനിധ്യത്തിൽനിന്ന് ഒ.ബി.സി ഒഴിവാക്കപ്പെടുമെന്ന് ഇന്ദിര ജയ്സിങ് ഹരജിക്കാർക്കുവേണ്ടി വാദിച്ചു. മഹാരാഷ്‍ട്രയുടെ മിക്ക മേഖലകളിലും ആദിവാസി സമൂഹം ഗണ്യമായി ഉള്ളതിനാൽ പട്ടികജാതി, പട്ടികവർഗ സംവരണം മാത്രം 50 ശതമാനം വരുമെന്ന് ഇന്ദിര ജെയ്‌സിങ് ചൂണ്ടിക്കാട്ടി. അപ്പോൾ ഒ.ബി.സിക്ക് ഇടം കിട്ടില്ല. 1931നുശേഷം ജാതി സെൻസസ് നടന്നിട്ടില്ലെന്നും, ഒ.ബി.സി ജനസംഖ്യയുടെ ശതമാനം എത്രയാണെന്ന് പുതിയ സെൻസസിൽ നിർണയിക്കാനാകുമെന്നും അവർ പറഞ്ഞു. ഒ.ബി.സിയെ പൂർണമായും ഒഴിവാക്കാനാകില്ലെന്നുപറഞ്ഞ ചീഫ് ജസ്റ്റിസ്, ഒ.ബി.സിയെ ഒഴിവാക്കിയാൽ ജനാധിപത്യം എവിടെയെന്ന് ചോദിക്കുകയും ചെയ്തു. ജാതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ വേർതിരിക്കാൻ പാടില്ലെന്നാണ് തന്‍റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനോട് പ്രതികരിക്കവെ, അവർ ആനുപാതിക പ്രാതിനിധ്യം മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് ഇന്ദിര ജയ്‌സിങ് പറഞ്ഞു.
ജാതി വിഭജനത്തോടുള്ള വിയോജിപ്പ് ചീഫ് ജസ്റ്റിസ് ഇതിന് മുമ്പും പ്രകടമാക്കിയിട്ടുണ്ട്. ബംഗളൂരുവിലെ അഭിഭാഷക അസോസിയേഷനിൽ പട്ടികജാതി, പട്ടികവർഗ അഭിഭാഷകർക്ക് സംവരണം വേണമെന്ന ഹരജി പരിഗണിച്ചപ്പോൾ, ബാർ അംഗങ്ങളെ ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിൽ വിഭജിക്കാൻ താൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

