Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിന് കട്‍ല മീൻ,...

ബംഗാളിന് കട്‍ല മീൻ, കേരളത്തിന് ബിരിയാണി... ‘പുറംനാട്ടുകാർ’ ടാഗ് ഒഴിവാക്കാൻ ബി.ജെ.പി തന്ത്രം, ‘വോട്ടുമേശ’യിൽ വിളമ്പുന്നത് മത്സ്യ മാംസാദികൾ

text_fields
bookmark_border
ബംഗാളിന് കട്‍ല മീൻ, കേരളത്തിന് ബിരിയാണി... ‘പുറംനാട്ടുകാർ’ ടാഗ് ഒഴിവാക്കാൻ ബി.ജെ.പി തന്ത്രം, ‘വോട്ടുമേശ’യിൽ വിളമ്പുന്നത് മത്സ്യ മാംസാദികൾ
cancel

കൊൽക്കത്ത: മാംസം കഴിച്ചാൽ കുട്ടികളിൽ അക്രമസ്വഭാവം വർധിക്കുമെന്ന കാരണം പറഞ്ഞ് ബിഹാറിൽ സ്കൂളുകൾക്ക് സമീപം മാംസം നിരോധിക്കണമെന്ന നിർദേശമുന്നയിച്ചത് ഉപമുഖ്യമന്ത്രിയും ബി.​ജെ.പി നേതാവുമായ വിജയ് കുമാർ സിൻഹയായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ മാംസം സൂക്ഷിച്ചു, വേവിച്ചുകഴിച്ചു എന്ന പേരിൽ അക്രമവും കൊലയും നടത്തിയവരാണ് സംഘ്പരിവാർ അനുകൂലികൾ.

എന്നാൽ, വിവിധ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കളം മാറി, മത്സ്യത്തിനും മാംസത്തിനും അത്രകണ്ട് അയിത്തം കൽപ്പിക്കുന്നില്ല ബി.​ജെ.പിയും അതിന്റെ നേതാക്കളും. ബിഹാറിലും ബംഗാളിലുമെല്ലാം തങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അതിനെ തടയുന്നവരെ തകർത്തുകളയുമെന്നുമുള്ള ‘അവസരവാദ യുടേൺ’ അടിക്കുകയാണ് പാർട്ടിയും നേതാക്കളും.

വിജയകുമാർ സിൻഹയുടെ നടപടിയെക്കുറിച്ച് ബംഗാൾ ബി.ജെ.പി അധ്യക്ഷന്റെ മറുപടി ഇങ്ങനെയായിരുന്നു... ‘ബിഹാറിന് മത്സ്യമില്ലാതെ അതിജീവിക്കാൻ കഴിയുമോ? ബിഹാറികൾ മാംസം കഴിക്കില്ലേ​?’. എല്ലാവരെയും ഉൾക്കൊള്ളണമെന്ന സ്വാമി വിവേകാനന്ദന്റെ മനോഭാവത്തെ കൂട്ടുപിടിച്ച് മാംസം കഴിക്കുന്നത് ആരെങ്കിലും തടയാൻ ശ്രമിച്ചാൽ അവരെ തകർത്തുകളയുമെന്നുകൂടി ഭട്ടാചാര്യ ആഞ്ഞടിച്ചു. ബി.ജെ.പി സസ്യാഹാരം അടി​ച്ചേൽപ്പിക്കാൻ ശ്രമിക്കു​ന്നുവെന്ന പ്രചാരണങ്ങൾക്ക് തടയിടാനും പാർട്ടി ആ പ്രചരണങ്ങൾക്ക് (സത്യമാണെങ്കിൽപ്പോലും) വഴങ്ങില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു ഭട്ടാചാര്യയുടെ പ്രതികരണം. 2026 പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ ജില്ലകളിലും ബി.ജെ.പി മത്സ്യ -മാംസാഹാരത്തിന്റെ പ്രചാരണത്തിന് മുൻതൂക്കം നൽകു​ന്നുവെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

2025 ഡിസംബറിൽ കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ​ഗ്രൗണ്ടിൽ ഒരു ഗീതാപഥ് സമ്മേളനം നടന്നിരുന്നു. ഈ പരിപാടിക്കിടെ ചിക്കൻ കൊണ്ടുണ്ടാക്കുന്ന പലഹാരങ്ങൾ വിൽക്കുന്ന ഒരു തെരുവ് കച്ചവടക്കാരനെ പരിപാടിയുടെ സംഘാടകർ ക്രൂരമായി മർദിക്കുകയും അപമാനിക്കുകയും ചെയ്തു. എന്നാൽ, ഈ സംഭവം വലിയ കോളിളക്കമുണ്ടാക്കുകയും ബംഗാളിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് അതൊരു തിരിച്ചടിയാകുകയും ചെയ്തിരുന്നു. ആ ബി.ജെ.പി തന്നെയാണ് ബംഗാളിൽ ഇപ്പോൾ മത്സ്യ മാംസാദികളുടെ പേരിൽ യുടേൺ അടിക്കുന്നതും.

മത്സ്യവും അരിയുമാണ് ബംഗാളിന്റെ ഐഡന്റിറ്റി. തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ബി.ജെ.പിയെ ഒരു ‘കൗ ബെൽറ്റ്’ പാർട്ടിയായി ചിത്രീകരിച്ചുകഴിഞ്ഞു. ബി.ജെ.പി അധികാരത്തിലെത്തിയാൽ ബംഗാളിൽ മത്സ്യവും മാംസവും വിൽക്കുന്നതും കഴിക്കുന്നതിനും നിരോധിക്കുമെന്നും സസ്യാഹാരികൾക്ക് യാതൊരു പ്രശ്നമുണ്ടാകില്ലെന്നും മമത ബാനർജി കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. ബംഗാളിന്റെ ഉള്ളറിയാത്ത ഒരു ബാഹ്യശക്തിയായിട്ടായിരുന്നു മമത ബി.ജെ.പിയെ വിശേഷിപ്പിച്ചതും. പല സംസ്ഥാനങ്ങളിലും ഗോസംരക്ഷണവും ഹിന്ദു സാംസ്കാരിക വാദവുമാണ് ബി.ജെ.പിയു​ടെ നേർചിത്രം. എന്നാൽ, ബംഗാളിലേക്കെത്തുമ്പോൾ അത് നേരെ തിരിയുകയും ചെയ്യുന്നു. മട്ടൺ കഴിക്കുന്നതിനെക്കുറിച്ചുള്ള വിവേകാനന്ദന്റെ പരാമർശങ്ങളാണ് ബി.ജെ.പി ഈ വാദങ്ങളെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത്. ബി.ജെ.പി ‘പുറംനാട്ടുകാർ’ ​ആണെന്ന എതിർകക്ഷികളുടെ വാദത്തെ മറികടക്കാൻ ബി.ജെ.പി മറ്റു സംസ്ഥാനങ്ങളിൽ നടത്തുന്ന പ്രചാരണങ്ങ​ളുടെ നേർവിപരീതമാണ് ബംഗാളിൽ ഈ തെരഞ്ഞെടുപ്പ് കാലത്ത് പയറ്റുന്നത്.

ബിധാൻനഗറിൽ ബി.ജെ.പി സ്ഥാനാർഥിയായ ശരദ്വത് മുഖോപാധ്യായ ബംഗാളിലെ ജനപ്രിയ മത്സ്യമായ അഞ്ചുകിലോയോളം ഭാരം വരുന്ന കട്‍ല മത്സ്യവുമായാണ് പ്രചാരണം നടത്തിയത്. തൃണമൂൽ നുണകൾ പ്രചരിപ്പിക്കുകയാണെന്നായിരുന്നു പ്രധാന പ്രചാരണം. ബംഗാളിലെ പാചക പാരമ്പ​ര്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും മത്സ്യം, മാംസം, മട്ടൻ എന്നിവ കഴിക്കുന്നതിൽ ഒരിക്കലും ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ബി.ജെ.പി സ്ഥാനാർഥി മത്സ്യവുമായി നിൽക്കുന്ന ചിത്രം വൈറലായിരുന്നു.

കൂടാതെ പ്രാദേശിക ഒത്തുചേരലുകളിൽ ചിക്കൻ ബിരിയാണിയായിരുന്നു ബി.ജെ.പി വിതരണം ചെയ്തത്. സ്ഥാനാർഥികളും ബി.ജെ.പി നേതാക്കളും മത്സ്യവും മാംസവും കഴിക്കുന്നതിന്റെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ബംഗാളി​ലെ ബി.ജെ.പിയുടെ യോഗങ്ങളിൽ മത്സ്യവും മാംസവുമാണ് പ്രധാന ഭക്ഷണം. മത്സ്യത്തെയും ബിരിയാണിയെയും മുൻനിർത്തി ബംഗാളിന്റെ ഭക്ഷ്യസംസ്കാരത്തിന് തങ്ങൾ എതിരല്ലെന്നതിന് പകരം അതിൽ ഉൾച്ചേർന്നിരിക്കുന്നതായി ബി.ജെ.പി അവകാശപ്പെടുന്നു.

കൊൽക്കത്തയിൽ അടുത്തിടെ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രിഗേഡ് റാലിയിൽ മുട്ടക്കറിയും ചോറും വിളമ്പാൻ അനുമതി നൽകിയെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ബി.ജെ.പിക്കുള്ളിൽ മാംസാഹാരത്തിന് വിലക്കില്ലെന്ന് രാജ്യം മുഴുവൻ ഉയർത്തിക്കാട്ടുന്നതിന്റെ തുടക്കമെന്നോണം മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് മത്സ്യം വളരെ ഇഷ്ടമായിരുന്നുവെന്നാണ് സമിക് ഭട്ടാചാര്യ ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്.

ബംഗാൾ ബി.ജെ.പിയുടെ കട്‍ല മത്സ്യം, മട്ടൺ കറി, ചിക്കൻ ബിരിയാണി പ്രേമം അവസരവാദ രാഷ്ട്രീയത്തിന്റെ ഒരു ഭാഗം മാത്രമാണെന്നാണ് വിമർശകരുടെ നിരീക്ഷണം. വർഷങ്ങളായി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതേ ബി.ജെ.പി മത്സ്യവും മാംസവും നിരോധിക്കുകയും മാംസം കഴിക്കുന്നവരെ തീവ്രവാദികളായി വരെ ചിത്രീകരിക്കുകയും ചെയ്യുന്നു.

ഉത്തർപ്രദേശിൽ ക്ഷേത്രങ്ങൾക്ക് സമീപമുള്ള മാംസക്കടകൾ അടച്ചുപൂട്ടണമെന്ന് ബി.ജെ.പി എം.എൽ.എ നന്ദ് കിഷോർ ഗുർജാർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. നവരാത്രി സമയത്തെ മത്സ്യമാംസ ഉപയോഗം രാജ്യദ്രോഹമാണെന്നും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നായിരുന്നു എം.എൽ.എയുടെ വാദം. മധ്യപ്രദേശിലും സമാനമായ ആഹ്വാനങ്ങൾ ഉയർന്നുവന്നിട്ടുണ്ടായിരുന്നു. അവിടെ പ്രാദേശിക ബിജെപി നേതാക്കൾ ഉത്സവകാലത്ത് ക്ഷേത്രനഗരങ്ങളിൽ മാംസം, മത്സ്യം, മുട്ട എന്നിവക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ബീഹാറിലും സമാനമായ നിരോധനം കൊണ്ടുവന്നു. ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും ക്ഷേത്രനഗരങ്ങളിൽ മാംസക്കടകൾ ഇപ്പോഴും സീസണൽ അടച്ചുപൂട്ടലിനെ നേരിടുന്നുണ്ട്. ഗുജറാത്തിലും ഹരിയാനയിലും കശാപ്പിനും വിൽപ്പനക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഫലമായി ആൾക്കൂട്ടക്കൊലകളുടെ ഒരു പരമ്പര തന്നെ അരങ്ങേറുകയും ചെയ്തു.

കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയതിന് പിന്നാലെ 2015 ൽ യു.പി ദാദ്രിയിൽ ബീഫ് കടത്തിയെന്നാരോപിച്ച് മുഹമ്മദ് അഖ്‍ലാഖിലെ സംഘ്പരിവാർ അനുകൂലികൾ തല്ലിക്കൊന്നു. 2017ൽ രാജസ്ഥാനിൽ കന്നുകാലികളെ കൊണ്ടുപോകുന്നതിനിടെ പെഹ്‌ലു ഖാൻ കൊല്ലപ്പെട്ടു. മാംസക്കച്ചവടം ആരോപിച്ച് ജാർഖണ്ഡിൽ അലിമുദ്ദീൻ അൻസാരി കൊല്ലപ്പെട്ടു. 2014 ന് ശേഷം പശുവുമായി ബന്ധപ്പെട്ട അക്രമങ്ങൾ വർധിച്ചു. ഇതിൽ ഭൂരിഭാഗവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. കുറ്റവാളികൾക്ക് ശിക്ഷ പോലും ലഭിക്കുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. ബംഗാളിൽ ‘പുറംനാട്ടുകാരൻ’ എന്ന ലേബലിൽനിന്ന് രക്ഷപ്പെടാൻ മത്സ്യത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ ആൾക്കൂട്ടകൊലപാതകങ്ങൾക്കും ജയിൽവാസത്തിനുമുള്ള കുറ്റമായി ബി.ജെ.പി ഇതിനെ മാറ്റിമറിക്കുന്നു. ബി.ജെ.പിയുടെ ഈ ഇരട്ടത്താപ്പിനെയാണ് ബംഗാളിൽ തൃണമൂൽ ഉൾപ്പെടെയുള്ള എതിർകക്ഷികൾ തുറന്നുകാണിക്കാൻ ശ്രമിക്കുന്നതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeTrinamool CongressBengal Assembly Electionassembly electionBJP
News Summary - Catla fish for Bengal Biryani for Kerala BJPs strategy to avoid the foreigners tag fish and meat dishes are served at the voting table
Next Story