60 കോടിയുടെ കോഴ: ഏഴ് റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ കേസ്
text_fieldsന്യൂഡൽഹി: 60 കോടി രൂപയുടെ കോഴ ഇടപാടിൽ ഏഴ് റെയിൽവേ ഉദ്യോഗസ്ഥർക്കും ഭാരതീയ ഇൻഫ്രാ പ്രോജക്ട്സ് ലിമിറ്റഡ് കമ്പനിക്കുമെതിരെ സി.ബി.ഐ കേസെടുത്തു. 2016-23 കാലയളവിൽ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ സോണിലെ പദ്ധതികളുമായി ബന്ധപ്പെട്ട് റെയിൽവേ ഉദ്യോഗസ്ഥർക്ക് ഭാരതീയ ഇൻഫ്രാ പ്രൊജക്ട്സ് ലിമിറ്റഡ് 60 കോടിയിലധികം രൂപ കൈക്കൂലി നൽകിയെന്ന സി.ബി.ഐയുടെ കണ്ടെത്തലിനെ തുടർന്നാണ് നടപടി.
ഡെപൂട്ടി ചീഫ് എൻജിനീയർമാരായ രാംപാൽ, ജിതേന്ദ്ര ഝാ, ബി.യു. ലാസ്കർ, സീനിയർ സൂപ്രണ്ട് (എൻജിനീയർ) ഹൃതുരാജ് ഗൊഗോയി, ധീരജ് ഭഗവത്, മനോജ് സൈക്കിയ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
രണ്ട് കോടി രൂപയുടെ കൈക്കൂലി കേസിൽ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ സോണിലെ സീനിയർ സെക്ഷൻ എൻജിനീയർ സന്തോഷ് കുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച തെളിവുകൾ ലഭിച്ചത്. 2016നും 2023നും ഇടയിൽ ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളിലും അല്ലാതെ പണമായും കമ്പനിയിൽനിന്ന് കൈക്കൂലി ലഭിച്ചതിന്റെ വിവരങ്ങളും സി.ബി.ഐ സംഘം ശേഖരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.