മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ രാജ്യമാകെ അവിശ്വാസ ‘വോട്ട്’
text_fieldsമുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജനപീരങ്കി പ്രയോഗിച്ചപ്പോൾ
ന്യൂഡൽഹി: തന്നിഷ്ടപ്രകാരം വോട്ടു വെട്ടിയും ചേർത്തും നടത്തിയ കളികളെ തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം കനക്കുന്നു. അതിനിടെ, 18 വയസ്സ് പൂർത്തിയാകുന്ന മുറക്ക് പുതിയ ജെൻ സി വോട്ടർമാരെ ഉൾപ്പെടുത്തി വോട്ടർ പട്ടിക പരിഷ്കരിക്കുന്ന സമ്മറി സ്പെഷൽ റിവിഷൻ (എസ്.എസ്.ആർ) കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ രണ്ടുവർഷമായി നിർത്തിവെച്ച വിവരം പുറത്തുവന്നു.
ഇക്കാര്യത്തിലും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും മറ്റ് കമീഷണർമാരും തമ്മിലുള്ള അഭിപ്രായ ഭിന്നത ഉടലെടുത്തുവെന്നും റിപ്പോർട്ടുണ്ട്. ഇതുമൂലം വോട്ടർ പട്ടികയുടെ വാർഷിക പുതുക്കലും 2024 മുതൽ സ്തംഭിച്ചിരിക്കുകയാണ്. 2026-27 ലേക്കുള്ള പുതുക്കൽ നടന്നില്ല. രണ്ട് കമീഷണർമാരും അതിനായി നിർബന്ധിച്ചെങ്കിലും മിക്ക സംസ്ഥാനങ്ങളിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) പ്രക്രിയക്ക് തുടക്കമിട്ടതോടെ വാർഷിക പുതുക്കൽ പുനരാരംഭിച്ചുമില്ല. സംസ്ഥാനങ്ങളിൽ പതിറ്റാണ്ടുകളായി എല്ലാ വർഷവും ജനുവരി ആദ്യവാരം പുതുക്കിയ വോട്ടർ പട്ടിക ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തുന്ന പതിവാണ് മുടങ്ങിപ്പോയത്.
2025ൽ ബിഹാറിൽ എസ്.ഐ.ആർ പ്രക്രിയ പ്രഖ്യാപിച്ചതോടെ വർഷം തോറും നടത്തിവന്ന എസ്.എസ്.ആർ നിലച്ചു. 1958 മുതൽ ഒരിക്കലും മുടങ്ങാതെ നടത്തിവന്ന പ്രക്രിയ മുടങ്ങുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും ശക്തമായ നിലപാട് സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇക്കാര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നിയമോപദേശം തേടിയ ശേഷവും എസ്.എസ്.ആർ മുടക്കരുതെന്ന നിലപാട് കമീഷണർമാർ ആവർത്തിച്ചിരുന്നു.
ഓരോ വർഷവും 18 വയസ്സ് തികയുന്നവർക്ക് ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ ഒന്നാം തീയതി മുതൽ അപേക്ഷിക്കാൻ അവസരം നൽകുകയും പൊരുത്തക്കേടുകൾ പരിശോധിച്ച് ഫോട്ടോ സഹിതമുള്ള പട്ടിക പരിഷ്കരിക്കുകയും ചെയ്യുന്നതാണ് എസ്.എസ്.ആർ. കൂടുതൽ യുവാക്കൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം അതിലൂടെ ലഭിക്കും. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സംസ്ഥാനങ്ങളിൽ അത് നിർബന്ധവുമാണ്. കമീഷനിലെ ഭിന്നത മൂലം 2025-26 കാലയളവിൽ സ്ഥലംമാറ്റം ലഭിച്ച അമ്പതോളം ഉദ്യോഗസ്ഥരുടെ വാർഷിക കോൺഫിഡൻഷ്യൻ റിപ്പോർട്ടുകളും മുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

