'പ്രസിദ്ധർക്കും തുല്യ അവകാശങ്ങളുണ്ട്, ഇദ്ദേഹം ചെയ്ത തെറ്റ് എന്താണ്'; ഷാരൂഖിനെതിരേ കേസില്ലെന്ന് സുപ്രീം കോടതിയും
text_fieldsസെലിബ്രിറ്റികൾക്കും രാജ്യെത്ത മറ്റെല്ലാ പൗരന്മാരുടേതുപോലുള്ള തുല്യാവകാശങ്ങളുണ്ടെന്ന് സുപ്രീം കോടതി. അനാവശ്യമായി അവരെ കുറ്റവാളികളാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. 2017ൽ ഉണ്ടായ ഒരു സംഭവത്തിൽ ഷാരൂഖിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ വിധിപറയുകയായിരുന്നു കോടതി. 2017ൽ വഡോദര റെയിൽവേ സ്‌റ്റേഷനിൽ തന്റെ സിനിമയുടെ പ്രമോഷനിടെ സംഘട്ടനമുണ്ടാക്കിയെന്നാരോപിച്ചാണ് നടനെതിരേ ക്രിമിനൽ കേസ് എടുക്കണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടത്. അന്ന് തിക്കിലും തിരക്കിലുംപെട്ട് ഒരാൾ ഹൃദയാഘാതം കാരണം മരിച്ചിരുന്നു.
ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരാൾക്ക് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് വ്യക്തിഗത ഗ്യാരണ്ടി നൽകാനാവില്ലെന്ന് കോടതി പറഞ്ഞു.'ഈ മനുഷ്യന്റെ (ഖാൻ) തെറ്റ് എന്താണ്? അദ്ദേഹം ഒരു സെലിബ്രിറ്റി ആയതുകൊണ്ട് അയാൾക്ക് അവകാശങ്ങളില്ലെന്ന് അർഥമാക്കുന്നില്ല'-ഏപ്രിലിൽ നടനെതിരെയുള്ള ക്രിമിനൽ കേസ് റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ട് ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി.രവികുമാർ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.'രാജ്യത്തെ മറ്റെല്ലാ പൗരന്മാരെയും പോലെ ഒരു സെലിബ്രിറ്റിക്കും തുല്യ അവകാശങ്ങളുണ്ട്' എന്നും കോടതി പറഞ്ഞു. 'അദ്ദേഹം ഒരു സെലിബ്രിറ്റിയാണ്, എന്നാൽ അതിനർത്ഥം അദ്ദേഹത്തിന് മറ്റുള്ളവരെ നിയന്ത്രിക്കാൻ കഴിയുമെന്നല്ല. ഈ കോടതിയുടെ ശ്രദ്ധയും സമയവും അർഹിക്കുന്ന കൂടുതൽ പ്രധാനപ്പെട്ട വിഷയങ്ങളിൽ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം'എന്നും കോടതി പറഞ്ഞു.
2017 ജനുവരി 23-ന് റയീസ് സിനിമയുടെ പ്രചരണാർത്ഥം ഷാരൂഖ് യാത്ര ചെയ്ത ഓഗസ്റ്റ് ക്രാന്തി എക്‌സ്പ്രസ് വഡോദര റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. അന്നത്തെ തിക്കിലും തിരക്കിലും പെട്ട് റെയിൽവേ സ്റ്റേഷനിൽ പ്രാദേശിക രാഷ്ട്രീയ നേതാവായ ഫർഹീദ് ഖാൻ പത്താന് ഹൃദയാഘാതം സംഭവിക്കുകയും തുടർന്ന് മരിക്കുകയും ചെയ്തിരുന്നു. തിരക്കിനിടെ ചിലർക്ക് പരിക്കും പറ്റിയിരുന്നു. കോൺഗ്രസ് നേതാവ് ജിതേന്ദ്ര സോളങ്കിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വഡോദര മജിസ്‌റ്റീരിയൽ കോടതി ഖാന് ആദ്യം സമൻസ് അയച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 336, 337, 338 വകുപ്പുകൾ പ്രകാരമുള്ള കേസിൽ ഖാനെതിരായ നടപടികൾക്ക് മതിയായ കാരണമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക കോടതി സമൻസ് അയച്ചത്. ഈ വർഷം ഏപ്രിലിൽ, ഖാനെതിരായ ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി. അദ്ദേഹത്തിന്റെ പ്രവൃത്തികളാണ് സംഭവത്തിന്റെ കൃത്യമായ കാരണം എന്ന് പറയാൻ കഴിയില്ലെന്നും പരിപാടിക്ക് അനുമതിയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനെതിരായാണ് സോളങ്കി സുപ്രീം കോടതിയെ സമീപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.