രാജ്യത്തെ 'അസ്വാഭാവിക' ജനസംഖ്യാ വ്യതിയാനം പഠിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു: അമിത് ഷാ
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ രാജ്യത്ത് “അസ്വാഭാവിക ജനസംഖ്യാ മാറ്റങ്ങളെ” കുറിച്ച് സമഗ്രമായി പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റവും മറ്റ് “അസ്വാഭാവിക കാരണങ്ങളും” മൂലം രാജ്യത്തിന്റെ ജനസംഖ്യാ ഘടനയിൽ സംഭവിക്കുന്ന മാറ്റങ്ങളും പഠിക്കുകയാണ് സമിതിയുടെ പ്രധാന ചുമതല.
ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ചുളള പ്രഖ്യാപനം നടത്തിയത്. നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റവും മറ്റ് അസ്വാഭാവിക കാരണങ്ങളും മൂലമുണ്ടാകുന്ന ജനസംഖ്യാ വ്യതിയാനം രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2025 ഓഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ വെച്ച് നടത്തിയ പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് ഈ സമിതി നിലവിൽ വന്നിരിക്കുന്നതെന്നും എക്സിൽ കുറിച്ച പോസ്റ്റിൽ പറയുന്നു.
സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജി ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവോലേക്കർ ആണ് ഈ ഉന്നതതല സമിതിയുടെ അധ്യക്ഷൻ. സെൻസസ് കമ്മീഷണർ, ദുർഗ ശങ്കർ മിശ്ര (റിട്ട. ഐ.എ.എസ്), ബാലാജി ശ്രീവാസ്തവ (റിട്ട. ഐ.പി.എസ്), ഡോ. ഷാമിക റവി (സാമ്പത്തിക ശാസ്ത്രജ്ഞ) എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (വിദേശികൾ-1) മെമ്പർ സെക്രട്ടറിയായും പ്രവർത്തിക്കും.
ജനസംഖ്യ വ്യതിയാനം രാജ്യത്തിന്റെ പരമാധികാരം, ദേശീയ സുരക്ഷ, നിയമ-സമാധാനം, സാമൂഹിക ഘടന, ആദിവാസി സമൂഹങ്ങളുടെ സംരക്ഷണം എന്നിവയുമായി ഈ വിഷയം ബന്ധപ്പെട്ടിരിക്കുന്നതായി അമിത് ഷാ പറഞ്ഞു. അനധികൃത കുടിയേറ്റം, മറ്റ് പ്രകൃതിവിരുദ്ധ കാരണങ്ങൾ എന്നിവ കാരണം ഇന്ത്യയിലുടനീളം സംഭവിക്കുന്ന ജനസംഖ്യാപരമായ മാറ്റങ്ങളോ കണ്ടെത്തുകയാണ് സമിതിയുടെ ലക്ഷ്യം.
പ്രാദേശിക, മത, സാമൂഹിക വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തുണ്ടായിട്ടുള്ള അസ്വാഭാവികമായ ജനസംഖ്യാ വ്യതിയാനങ്ങളെയും സമിതി വിശകലനം ചെയ്യും. സമയബന്ധിത പരിഹാര നിർദേശങ്ങൾ സമിതി സമർപ്പിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

