ഓപറേഷൻ സിന്ദൂർ ഉപന്യാസ മത്സരവുമായി കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: ‘ഓപറേഷൻ സിന്ദൂർ: തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ നയം പുനർനിർണയിക്കുന്നു’ എന്ന വിഷയത്തിൽ ഉപന്യാസ മത്സരം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് 10000 രൂപ വീതം കാഷ് അവാർഡും ഡൽഹി ചെങ്കോട്ടയിൽ നടക്കുന്ന 78ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനുള്ള പ്രത്യേക ക്ഷണക്കത്തും ലഭിക്കും.
ഹിന്ദിയിലും ഇംഗ്ലീഷിലും പ്രായഭേദമന്യേ ഉപന്യാസം എഴുതാം. ഒരാൾക്ക് ഒരു തവണ മാത്രമേ മത്സരത്തിന്റെ ഭാഗമാകാൻ സാധിക്കൂ. ജൂൺ 30ന് വൈകീട്ട് 5.30 വരെ ഓൺലൈനായി തങ്ങളുടെ രചനകൾ mygov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ mygov.in എന്ന കേന്ദ്ര സർക്കാറിന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും പ്രതിരോധ മന്ത്രാലയം സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
മമതക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ
കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്‍ലിം വോട്ടുബാങ്കിനെ പ്രീതിപ്പെടുത്താനാണ് മമത ഓപറേഷൻ സിന്ദൂർ, വഖഫ് നിയമഭേദഗതി എന്നിവയെ എതിർക്കുന്നതെന്നും മുർഷിദാബാദ് കലാപം സംസ്ഥാന സർക്കാറിന്റെ പ്രോത്സാഹനത്തോടെയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 2026ൽ മമത ബാനർജിയുടെ മുഖ്യമന്ത്രി പദവി അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ സൈനിക മറുപടിയായ ഓപറേഷൻ സിന്ദൂറിനെതിരെ നിൽക്കുന്നത് രാഷ്ട്രത്തിന്റെ മാതാക്കളെയും സഹോദരിമാരെയും അപമാനിക്കലാണ്. അടുത്ത തെരഞ്ഞെടുപ്പിൽ ബംഗാളിലെ സ്ത്രീകൾ അവരെ പാഠം പഠിപ്പിക്കും. ഏപ്രിലിൽ മുർഷിദാബാദിലുണ്ടായ കലാപത്തിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ പങ്കാളികളാണ്. കലാപ സമയത്ത് സൈന്യത്തെ വിന്യസിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന സർക്കാർ അനുവദിച്ചില്ല. ബി.ജെ.പി ഹൈകോടതിയിൽ ഹരജി നൽകിയ ശേഷമാണ് ബി.എസ്.എഫിനെ വിന്യസിച്ചതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.