കശ്മീരിലെ പുതിയ വോട്ടർമാർ; പ്രതിഷേധം കനത്തു; വിശദീകരണവുമായി ഭരണകൂടം
text_fields[File: Mukesh Gupta/Reuters]
ശ്രീനഗർ: ജമ്മു-കശ്മീരിൽ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവർ ഉൾപ്പെടെ 25 ലക്ഷം പുതിയ വോട്ടർമാരുണ്ടാകുമെന്ന ചീഫ് ഇലക്ടറൽ ഓഫിസറുടെ പ്രഖ്യാപനം വിവാദമായതിന് പിറകെ വിശദീകരണവുമായി ഭരണകൂടം. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം തീരുമാനത്തെ എതിർത്ത് രംഗത്തു വന്നിരുന്നു.
നിക്ഷിപ്ത താൽപര്യക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ശനിയാഴ്ച സംസ്ഥാന ഭരണകൂടം പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ പറഞ്ഞു. തീരുമാനത്തിൽ കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ് പ്രാദേശിക പത്രങ്ങളിൽ പരസ്യം നൽകിയത്.
തെരഞ്ഞെടുപ്പ് കമീഷന്റെ ചട്ടം പ്രകാരമാണ് വോട്ടർ പട്ടിക പുതുക്കുന്നതെന്നാണ് വിശദീകരണം. ജമ്മു-കശ്മീരിൽ നിലവിൽ താമസിക്കുന്നവരെയും യുവ വോട്ടർമാരെയും ഉൾപ്പെടുത്തിയാണ് വോട്ടർ പട്ടിക പുതുക്കുന്നതെന്നാണ് പരസ്യത്തിലെ അവകാശവാദം. ജമ്മു-കശ്മീരിൽ നിലവിൽ 76 ലക്ഷം വോട്ടർമാരാണുള്ളത്. പുതിയ വോട്ടർമാർ അടുത്തവർഷം നടന്നേക്കുമെന്ന് കരുതുന്ന തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. ഈ തീരുമാനത്തിലൂടെ ജമ്മു-കശ്മീർ ജനതയുടെ വോട്ടവകാശം ഇല്ലാതാക്കാനുള്ള തന്ത്രമാണെന്നാണ് പാർട്ടികളുടെ ആരോപണം.
എതിർപ്പുമായി കോൺഗ്രസും
ശ്രീനഗർ: ജമ്മു-കശ്മീരിൽ സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് വോട്ടവകാശം നൽകുന്നതിനെ എതിർക്കുമെന്ന് കോൺഗ്രസും. മറ്റ് രാഷ്ട്രീയ പാർട്ടികളും തീരുമാനത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. നിയമവിരുദ്ധമായ തീരുമാനത്തെ കോടതിയിൽ ചോദ്യംചെയ്യുമെന്നും സംസ്ഥാനത്ത് പാർട്ടി ചുമതലയുള്ള രജിനി പാട്ടീൽ പറഞ്ഞു. വിഷയം ചർച്ചചെയ്യാൻ നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ കോൺഗ്രസ് പങ്കെടുക്കും. ഗുലാംനബി ആസാദിന് പാർട്ടിയുമായി പിണക്കമില്ല. അദ്ദേഹവുമായി പാർട്ടി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന് പുറത്തുള്ളവർ ഉൾപ്പെടെ 25 ലക്ഷത്തോളം പുതിയ വോട്ടർമാർ ഉണ്ടാകുമെന്ന് ജമ്മു-കശ്മീർ ചീഫ് ഇലക്ടറൽ ഓഫിസർ ഹിർദേശ് കുമാർ ബുധനാഴ്ച വാർത്തസമ്മേളനം വിളിച്ചാണ് അറിയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.