യു.പിയിൽ മാത്രം കിട്ടിയത് 2000 മൃതശരീരങ്ങൾ; ഗംഗയിൽ ഇനി മൃതദേഹങ്ങൾ തള്ളരുതെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ആയിരക്കണക്കിന് കോവിഡ് രോഗികളുടെ മൃതശരീരങ്ങൾ ഗംഗാനദിയിൽ ഒഴുകിനടന്നതോടെ മൃതദേഹങ്ങൾ തള്ളുന്നത് തടയണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
കോവിഡ്മൂലം മരിച്ചവർക്ക് അന്തസ്സാർന്ന സംസ്കാരം ഉറപ്പുവരുത്തണമെന്നും സുരക്ഷിതമായി നടത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഗംഗാജലത്തിെൻറ ഗുണനിലവാരം കാത്തുസൂക്ഷിക്കാനും കൂടിയാണ് ഈ നിർദേശം നൽകിയതെന്ന് കേന്ദ്ര ജലവിഭവ സെക്രട്ടറി അറിയിച്ചു. മൃതദേഹം ചിതയിൽ ദഹിപ്പിക്കുന്നതിന് വിറകും ഇന്ധനവുമടക്കം 8000 രൂപയാണ് ഈടാക്കുന്നത്. ഇത് നൽകാൻ കഴിയാത്തതിനെ തുടർന്നാണ് കോവിഡ് രോഗബാധിതരുടെ മൃതശരീരങ്ങൾ ഗംഗയിലെറിയാൻ തുടങ്ങിയത്.
ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിൽ മാത്രം 2000 മൃതശരീരങ്ങളാണ് ഗംഗയിൽനിന്ന് കിട്ടിയത്. ചില മൃതശരീരങ്ങൾ നായ്ക്കൾ കടിച്ചുകീറുന്നതിെൻറ വിഡിയോ വൈറലാകുകയും ചെയ്തിരുന്നു.
എന്നാൽ, ഗംഗാതീരത്ത് അടക്കംചെയ്ത നിലയിലുള്ള മൃതദേഹങ്ങളേ തങ്ങൾക്ക് കിട്ടിയിട്ടുള്ളൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം, മൃതദേഹങ്ങൾ യഥാവിധി അടക്കംചെയ്തിട്ടില്ലെന്നും ഗംഗാതീരത്ത് തള്ളി അതിന് മുകളിൽ മണ്ണിട്ടുമൂടുകയുമായിരുന്നുവെന്നാണ് ജനങ്ങൾ പറയുന്നത്. കണക്കുകൾ പ്രകാരം ഉന്നാവോയിലെ ഭാസ്കർ ഘട്ടിൽ മാത്രം 900 മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ട്.
സാധാരണഗതിയിൽ 15നും 20നുമിടയിൽ മൃതശരീരങ്ങൾ എത്തിയിരുന്ന ഭാസ്കർ ഘട്ടിൽ കോവിഡ് രണ്ടാം തരംഗത്തിന് ശേഷം 70നും 80നുമിടയിൽ മൃതദേഹങ്ങൾ സംസ്കാരത്തിനെത്തുന്നുണ്ടെന്നും അതോടെ പലരും മൃതദേഹങ്ങൾ ഗംഗയിലെറിഞ്ഞുതുടങ്ങിയെന്നുമാണ് നാട്ടുകാർ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.