വീട്ടിൽ നോട്ടുകൂമ്പാരം; ജഡ്ജിക്കെതിരെ കേന്ദ്രം ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചേക്കും
text_fieldsയശ്വന്ത് വര്‍മ
ന്യൂഡൽഹി: ഔദ്യോഗിക വസതിയില്‍നിന്ന് നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈകോടതി മുൻ ജഡ്ജി യശ്വന്ത് വര്‍മക്കെതിരെ കേന്ദ്ര സർക്കാർ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നേക്കും. കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതോടെ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തരകമ്മിറ്റി ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ദ്രൗപദി മുർമു, രാജ്യസഭാ ചെയര്മാൻ ജഗ്ദീപ് ധൻഖർ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവർക്ക് ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ ശിപാർശ നൽകി.
സുപ്രീംകോടതി നിർദേശപ്രകാരം ജസ്റ്റിസ് യശ്വന്ത് വർമയെ ഹൈകോടതി ചീഫ് ജസ്റ്റിസ് ജുഡീഷ്യൽ ചുമതലയിൽനിന്ന് നീക്കിയിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ ശിപാര്‍ശ ചെയ്ത സാഹചര്യത്തില്‍ ജൂലൈ മൂന്നാം വാരത്തിൽ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ഇംപീച്ച്മെന്റിന് പ്രമേയം കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്. ഇതിനു നടപടിക്രമങ്ങൾ ആരംഭിച്ചിട്ടില്ലെന്നും എന്നാൽ, ഇത്തരമൊരു അഴിമതി അവഗണിക്കാൻ പ്രയാസമാണെന്നും ഉന്നതവൃത്തങ്ങൾ പറയുന്നു.
മാര്‍ച്ച് 14ന് ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിലെ ഔട്ട്ഹൗസിൽ തീപിടിത്തമുണ്ടായപ്പോഴാണ് നോട്ടുകൂമ്പാരം കണ്ടെത്തിയത്. തുടർന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണത്തിന് പഞ്ചാബ്-ഹരിയന ഹൈകോടതി ചീഫ് ജസ്റ്റിസ് ഷീല് നാഗു, ഹിമാചല്‍ പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് അനുശിവരാമന്‍ എന്നിവരടങ്ങുന്ന സമിതി രൂപവത്കരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
സമിതി മേയ് മൂന്നിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് യശ്വന്ത് വര്‍മയോട് രാജിവെക്കാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടും അദ്ദേഹം വിസമ്മതിച്ചതോടെയാണ് ഇംപീച്ച്മെന്റിന് ശിപാർശ ചെയ്തത്. ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കണമെങ്കില്‍ ലോക്സഭയില്‍ 100 അംഗങ്ങളുടെയും രാജ്യസഭയില്‍ 50 അംഗങ്ങളുടെയും പിന്തുണ വേണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.