‘എന്റെ മണ്ണ്, എന്റെ രാജ്യം’ കാമ്പയിനുമായി പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: വീരമൃത്യു വരിച്ച ധീരവനിതകളെയും വീരന്മാരെയും ആദരിക്കാൻ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘മേരി മാട്ടി, മേരാ ദേശ്’ (എന്റെ മണ്ണ്, എന്റെ രാജ്യം) കാമ്പയിന് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനശ്വര രക്തസാക്ഷികളുടെ സ്മരണക്കായി രാജ്യത്തുടനീളം നിരവധി പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മഹദ് വ്യക്തിത്വങ്ങളുടെ സ്മരണക്ക് ഗ്രാമപഞ്ചായത്തുകളില്‍ പ്രത്യേക ലിഖിതങ്ങള്‍ സ്ഥാപിക്കുമെന്നും ആകാശവാണിയിലൂടെയുള്ള ‘മൻ കീ ബാതി’ൽ പ്രധാനമന്ത്രി അറിയിച്ചു.
രാജ്യത്തുടനീളം ‘അമൃത് കലശ് യാത്ര’ നടത്തും. രാജ്യത്തിന്റെ വിവിധ കോണുകളില്‍നിന്ന് 7500 കലശങ്ങളില്‍ മണ്ണ് ശേഖരിച്ച് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെത്തിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ചെടികളും കൊണ്ടുവരും. മണ്ണും ചെടികളും ചേര്‍ത്ത് ദേശീയ യുദ്ധസ്മാരകത്തിന് സമീപം ‘അമൃത് വാടിക’ നിർമിക്കും. കാമ്പയിനില്‍ പങ്കെടുത്ത് പ്രതിജ്ഞയെടുത്ത് എല്ലാവരും സെല്‍ഫി yuva.gov.inല്‍ അപ് ലോഡ് ചെയ്യണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തില്‍ ഇത്തവണയും എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തണം.
ബനാറസ്, അയോധ്യ, മഥുര, ഉജ്ജയിന്‍ തുടങ്ങിയ തീർഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഭക്തരുടെ എണ്ണവും അതിവേഗം വര്‍ധിക്കുകയാണ്. ഇതെല്ലാം ജനങ്ങളുടെ സാംസ്കാരികമായ ഉണര്‍വിന്റെ ഫലമാണ്. ഇതുമൂലം ലക്ഷക്കണക്കിന് പേർക്ക് തൊഴില്‍ ലഭിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.