ദേശീയപാത നിർമാണം മെച്ചപ്പെടുത്താൻ സംസ്ഥാനങ്ങളിൽ വിദഗ്ധരെ നിയോഗിക്കാൻ കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളുടെ നിർമാണ നിലവാരം മെച്ചപ്പെടുത്തുന്നതിനും റോഡ് വികസനത്തിൽ ഏകീകൃത മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമായി സംസ്ഥാനങ്ങളിൽ വിദഗ്ധരെ നിയോഗിക്കാൻ കേന്ദ്ര സർക്കാർ. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, പരിചയസമ്പന്നരായ എൻജിനീയർമാർ, സാങ്കേതിക വിദഗ്ധർ എന്നിവരെയാണ് സംസ്ഥാനങ്ങളിലേക്ക് അയക്കുക. ദേശീയപാത നിർമാണത്തിലെ മികച്ച രീതികൾ സംസ്ഥാനങ്ങളുമായി പങ്കുവെക്കുകയും സാങ്കേതിക സഹായവും പരിശീലനവും നൽകുകയുമാണ് ലക്ഷ്യം.
വിശദമായ പദ്ധതി റിപ്പോർട്ടുകൾ (ഡി.പി.ആർ) തയാറാക്കൽ, കരാറുകാരെ തെരഞ്ഞെടുക്കൽ, നിർമാണ രീതികൾ, എക്സ്പ്രസ് വേകളുടെ ആസൂത്രണം, പരിസ്ഥിതി സൗഹൃദ റോഡ് നിർമാണം തുടങ്ങിയ മേഖലകളിൽ കേന്ദ്രത്തിന്റെ അനുഭവസമ്പത്ത് സംസ്ഥാനങ്ങൾക്ക് പ്രയോജനപ്പെടുത്താനാണ് നീക്കമെന്ന് സർക്കാർ വ്യക്തമാക്കി. ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്.
റോഡ് നിർമാണത്തിന്റെ ആസൂത്രണം മുതൽ നിർമാണ പുരോഗതി നിരീക്ഷിക്കുന്നതുവരെ ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനും കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിക്കുന്നുണ്ട്. പി.എം ഗതിശക്തി, ഡാറ്റ ലേക്ക്, ഭൂമി രാശി, കരാറുകാരുടെ റേറ്റിങ് സംവിധാനം തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. റോഡപകടങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന ഇ-ഡി.എ.ആർ സംവിധാനവും കൂടുതൽ കാര്യക്ഷമമാക്കുമെന്ന് കേന്ദ്രം പറഞ്ഞു. എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ വെല്ലുവിളികളുള്ളതിനാൽ കേന്ദ്രത്തിന്റെ രീതികൾ അതേപടി നടപ്പാക്കുന്നതിനുപകരം സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

