കേന്ദ്രത്തിന്റേത് കൈയും കാലും കെട്ടിയിട്ട് നീന്തി രക്ഷപ്പെട്ടോളൂ എന്ന നയം- ധനമന്ത്രി
text_fieldsന്യൂഡൽഹി: കൈയും കാലും കെട്ടിയിട്ട് നീന്തിരക്ഷപ്പെട്ടോളൂ എന്ന രീതിയിലാണ് കേന്ദ്രം കേരളത്തോട് പെരുമാറുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിവിധ ഫണ്ടുകളിൽ ഗണ്യമായ കുറവാണ് സാമ്പത്തിക വർഷം വരുത്തിയത്. മുൻവർഷങ്ങളിലും സ്ഥിതി സമാനമായിരുന്നു. ഇതിനിടയിലാണ് വികസനപ്രവർത്തനങ്ങൾ നടപ്പാക്കേണ്ടതെന്ന് ധനമന്ത്രി പറഞ്ഞു.
കേന്ദ്രം നൽകുന്ന വായ്പകൾക്ക് ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപവത്കരിക്കണമെന്ന നിർദേശം നടപ്പാക്കാൻ കേരളം നടപടി തുടങ്ങി. എന്നാൽ, ഈ നടപടികൾ വൈകുന്നുവെന്ന് കാണിച്ച് സംസ്ഥാന വിഹിതത്തിൽ 3300 കോടി രൂപ വെട്ടിക്കുറച്ചു. ആകെ ഈടുനൽകിയ തുകയുടെ അഞ്ചുശതമാനമോ ജി.എസ്.ടി വിഹിതത്തിന്റെ 0.25 ശതമാനമോ വായ്പയിൽ കുറക്കുമെന്നാണ് നിബന്ധന.
ഇതിൽ നടപ്പുസാമ്പത്തിക വർഷം കൂടെ ഇളവനുവദിക്കണമെന്ന് കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടതായി ബാലഗോപാൽ പറഞ്ഞു. 2023-24 സാമ്പത്തിക വർഷം കേന്ദ്രം അനുവദിച്ച 1877 കോടി രൂപ വിവിധ കണക്കുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി 2024-25 സാമ്പത്തിക വർഷത്തെ ആകെ കടപരിധിയിൽ നിന്ന് കുറച്ചു. കേന്ദ്ര ഏജൻസികൾ കണക്കുകൾ പരിശോധിച്ചതിലെ പിഴവ് മൂലമാണ് ഇതു സംഭവിച്ചത്. ഇതു ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായി മന്ത്രി പറഞ്ഞു.
കേരളത്തിൽ നടക്കുന്ന ബിസിനസുകളിൽ സംസ്ഥാനത്തിനു പുറത്ത് സമാഹരിക്കപ്പെടുന്ന ഐ.ജി.എസ്.ടി നികുതി സംബന്ധിച്ച് കേരളം ഏറെനാളായി പിഴവ് ഉന്നയിക്കുന്നുണ്ട്. ഉപഭോക്തൃ സംസ്ഥാനമായതുകൊണ്ടുതന്നെ കേരളത്തിന് ഈ വിഭാഗത്തിൽനിന്നാണ് കൂടുതൽ പണം ലഭിക്കേണ്ടത്. എന്നാൽ, ഇക്കുറി സംസ്ഥാനത്തിന്റെ നികുതി വിഹിതത്തിൽനിന്ന് 965 കോടി രൂപ വെട്ടിക്കുറച്ചു. വ്യവസായങ്ങളിൽ നികുതി തെറ്റായി കാണിച്ച് തട്ടിപ്പ് നടത്തുന്നതടക്കം വിഷയങ്ങൾ സംസ്ഥാനം നേരത്തേയും ചൂണ്ടിക്കാട്ടിയതാണ്. സംസ്ഥാനത്തിന് ന്യായമായി ലഭിക്കേണ്ട വിഹിതത്തിൽ ഈ തരത്തിൽ കുറവുവരുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്.
മഹാരാഷ്ട്രക്ക് ദുരിതാശ്വാസ നിധിയിൽ വിദേശ ധനസഹായം അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു. സമാനമായി, ഭാവിയിൽ മറ്റുസംസ്ഥാനങ്ങൾക്കും അവശ്യഘട്ടങ്ങളിൽ അനുമതി ലഭ്യമാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതു മന്ത്രിതല യോഗമടക്കം സാധിക്കുന്നിടത്തെല്ലാം ഉന്നയിക്കും. പ്രളയത്തിനു പുറമെ, ചൂരൽമലയിലും കേരളത്തിന് ഇത്തരം സഹായം നിഷേധിച്ചു. സംസ്ഥാനത്തിന്റെ ദുരിതാശ്വാസ നിധി കേന്ദ്ര ഓഡിറ്റിന് വിധേയമാക്കാവുന്ന അക്കൗണ്ടിലാണ് സൂക്ഷിക്കുന്നത്. അതിൽ വിശ്വാസ്യതക്കുറവെന്ന വാദം വിലപ്പോവില്ലെന്ന് മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.