'ഇന്നൊരു ബസിൽ കയറി, വെറും ആറ് രൂപയാണ് ചാർജ് എന്നറിഞ്ഞ് ഞെട്ടിപ്പോയി'; ബംഗളൂരു കമ്പനി സി.ഇ.ഒയുടെ ട്വീറ്റ് വൈറൽ
text_fieldsബംഗളൂരുവിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കാപിറ്റൽ മൈൻഡിന്‍റെ സി.ഇ.ഒയാണ് ദീപക് ഷേണോയ്. സമൂഹമാധ്യമങ്ങളിൽ സജീവമായ അദ്ദേഹം പൊതുജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും തന്‍റെ അഭിപ്രായം അറിയിക്കാറുണ്ട്.
43.1 ദശലക്ഷം യു.എസ് ഡോളർ മൂല്യമുള്ള കമ്പനിയുടെ സി.ഇ.ഒ ആയ ദീപക് ഷേണോയ്, കഴിഞ്ഞ ദിവസം ബംഗളൂരുവിലെ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയതിനെ കുറിച്ച് എക്സിൽ പോസ്റ്റിട്ടിരുന്നു. ഇപ്പോഴും മിനിമം ബസ് ചാർജ് ആറ് രൂപയാണെന്ന അറിവ് തന്നെ ആശ്ചര്യപ്പെടുത്തിയെന്നാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്.
'ഇന്നൊരു ബസിൽ കയറി. ആറ് രൂപയായിരുന്നു ചാർജ്. ശേഷം ഓഫിസിലേക്ക് 30 മിനിറ്റ് നടക്കുകയും ചെയ്തു. വെറും ആറ് രൂപക്ക് ഇപ്പോഴും എന്തെങ്കിലുമൊക്കെ ഉണ്ട് എന്ന് അറിഞ്ഞതിൽ ഞാനിപ്പോഴും ആശ്ചര്യപ്പെടുകയാണ്' -ദീപക് ഷെണോയി പറഞ്ഞു. ബസിൽ പണം നൽകാൻ യു.പി.ഐ സംവിധാനം ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ചിത്രവും പങ്കുവെച്ചു.
പോസ്റ്റിന് കീഴിൽ വലിയ ചർച്ചയാണ് നടന്നത്. വലിയൊരു സ്ഥാപനത്തിന്‍റെ സി.ഇ.ഒ പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനെ പലരും അഭിനന്ദിച്ചു. 'പൊതുഗതാഗതത്തെ നന്നായി പ്രോത്സാഹിപ്പിച്ചാൽ, ഇന്ത്യക്കാരുടെ യാത്രാ രീതിയെ തന്നെ മാറ്റാൻ കഴിയും' എന്നാണ് ഒരു കമന്‍റ്. 'പൊതുജനങ്ങൾക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയുന്ന ഒരേയൊരു മാർഗം വിലകുറഞ്ഞ പൊതുഗതാഗത സംവിധാനങ്ങളാണ്. അത് പാവപ്പെട്ടവർക്കും മധ്യവർഗത്തിനും ഒരു വലിയ കാര്യമാണ്. ഏതൊരു നഗരത്തിന്റെയും ജീവനാഡിയാണ് പൊതുഗതാഗതം' -മറ്റൊരാൾ കമന്‍റ് ചെയ്തു.
ആറ് രൂപക്ക് ബസ് യാത്ര മാത്രമല്ല മറ്റ് താഴെക്കിടയിലുള്ളവർ ഉപയോഗിക്കുന്ന മറ്റ് പലതും ഇന്നും ലഭ്യമാണെന്ന് വേറൊരാൾ ചൂണ്ടിക്കാട്ടി. അഞ്ച് രൂപയുടെ പാർലെ-ജി ബിസ്കറ്റിന്‍റെ ചിത്രവും അമ്മ കാന്‍റീനുകൾ വഴി കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭിക്കുന്നതിന്‍റെ വിശദാംശങ്ങളും ഇതിനൊപ്പം പോസ്റ്റ് ചെയ്തു.
സി.ഇ.ഒ എന്തിനാണ് ബസിൽ പോയത് എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിനും ദീപക് ഷെണോയ് മറുപടി നൽകി. 'സാധാരണയായി ഓഫിസിലേക്ക് നടന്നാണ് പോവാറ്. കഴിഞ്ഞ ദിവസം മുട്ടിന് വേദന തോന്നിയതിനാലാണ് കുറഞ്ഞ ദൂരം ബസിൽ സഞ്ചരിച്ചത്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.