ഭാര്യയുടെ മൃതദേഹം കൊണ്ടുപോകാൻ പണമില്ല, ചാക്കിൽകെട്ടി ചുമന്ന് ഭർത്താവ്
text_fieldsബംഗളൂരു: കർണാടകയിൽ ഭാര്യയുടെ മൃതദേഹം കൊണ്ടുപോകാൻ പണമില്ലാത്തതിനാൽ ആക്രിക്കച്ചവടക്കാരനായ ഭർത്താവ് തോളിൽ ചുമന്നു. ചാമരാജനഗർ ജില്ലയിലാണ് സംഭവം. ആക്രി വിറ്റ് ജീവിക്കുന്ന മാണ്ഡ്യ സ്വദേശികളായ രവിയും ഭാര്യ കല്ലമ്മയും പത്തു ദിവസം മുമ്പാണ് ഇവിടെയെത്തിയത്.
വനംവകുപ്പിന്റെ കെട്ടിടത്തിനു സമീപമാണ് ഇരുവരും താമസിച്ചിരുന്നത്. അസുഖബാധിതയായ കല്ലമ്മ ചൊവ്വാഴ്ചയാണ് മരിച്ചത്. എന്നാൽ, മൃതദേഹം മാറ്റുന്നതിനായി വാഹനം വിളിക്കാൻ പണമില്ലാത്തതിനാൽ രവി മൃതദേഹം ചാക്കിൽക്കെട്ടി തോളിൽ ചുമക്കുകയായിരുന്നു. സുവർണാവതി നദിക്കരയിൽ സംസ്കരിക്കുകയായിരുന്നു ലക്ഷ്യം. മൃതദേഹം ചുമന്നു പോകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
വിവരം ലഭിച്ച പൊലീസ് രവിയെ തടഞ്ഞുവെച്ച് ചാക്ക് തുറന്നു കാണിപ്പിച്ചു. തുടർന്നാണ് സംഭവം മറ്റുള്ളവർ അറിയുന്നത്. അസ്വാഭാവിക മരണമായതിനാൽ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ദുരൂഹതയില്ലാത്തതിനാൽ പൊലീസ് സഹായത്തോടെ രവി മൃതദേഹം സംസ്കരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.