ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ രചിച്ച തൊഴിൽ നിയമ വിധിക്ക് ബുൾഡോസർ
text_fieldsന്യൂഡൽഹി: വൈവിധ്യമാർന്ന തൊഴിൽ മേഖലകളെ ‘വ്യവസായ’ നിർവചനത്തിൽപ്പെടുത്തി 1978ൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ എഴുതിയ ചരിത്ര വിധി തിരുത്തിക്കുറിച്ച വ്യാഴാഴ്ചത്തെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ നടപടി സ്വതവേ ദുർബലമായ തൊഴിൽ നിയമങ്ങളെ കൂടുതൽ അപകടത്തിലാക്കുന്നത്. തൊഴിലുടമകളിൽനിന്ന് തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളും പീഡനങ്ങളും ‘വ്യവസായ’ നിർവചനത്തിന്റെ പരിധിയിൽപ്പെടുത്തി തീർപ്പാക്കിയിരുന്ന കഴിഞ്ഞ അര നൂറ്റാണ്ട് കാലമായി രാജ്യം തുടരുന്ന രീതിക്കാണ് ഒമ്പതംഗ ബെഞ്ച് അറുതിവരുത്തുന്നത്.
ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റെ തിരുത്തൽ വിധിയോടെ, 2025 നവംബറിൽ കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ വരുത്തിയ ‘വ്യവസായിക ബന്ധ നിയമ’ത്തിന്റെ 2(പി) വകുപ്പ് അടിസ്ഥാനമാക്കിയാകണം ഇനി രാജ്യത്തെ ഭാവി തൊഴിൽ തർക്കങ്ങൾ തീർപ്പാക്കേണ്ടത്. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സിവറേജ് ബോർഡ് കേസിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ എഴുതിയ വിധിപ്രസ്താവത്തിൽ, 1947ലെ വ്യവസായ തർക്ക നിയമത്തിന്റെ 2(ജി) വകുപ്പിൽനിന്ന് കോടതി, ക്രമ സമാധാനം, പ്രതിരോധം തുടങ്ങിയ ഏതാനും മേഖലകളെ മാത്രമായിരുന്നു ഒഴിവാക്കിയിരുന്നത്.
തൊഴിലുടമ - തൊഴിലാളി സഹകരണത്തിന്റെ അടിസ്ഥാനത്തിൽ വ്യവസ്ഥാപിതമായും സംഘടിതമായും പ്രവർത്തിക്കുന്ന മനുഷ്യാവശ്യങ്ങൾക്കുള്ള ചരക്കോ സേവനമോ നൽകുന്ന ഏതൊരു പ്രവൃത്തിയെയും വ്യവസായത്തിന്റെ പരിധിയിൽപ്പെടുത്തിയതോടെ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം വ്യവസായമെന്ന നിലക്കാണ് ഗണിച്ചിരുന്നത്. ഇനി അങ്ങനെയാവില്ല.
2025ലെ ‘വ്യവസായിക ബന്ധ നിയമ’ത്തിന്റെ 2(പി) വകുപ്പ് ഭാവി തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ അടിസ്ഥാനമാകണമെന്ന ചീഫ് ജസ്റ്റിസ് എ. സൂര്യകാന്തിന്റെ വ്യാഖ്യാനത്തെ ഒമ്പതംഗ ബെഞ്ചിലെ മറ്റു നാലുപേർ കൂടി പിന്തുണച്ചു. എന്നാൽ, നിലവിലുള്ളതോ ഇതിനകം തീർപ്പായതോ ആയ കേസുകൾക്ക് പുതിയ വിധി ബാധകമാക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിധി പ്രസ്താവത്തിൽ കൂട്ടിച്ചേർത്തു.
വ്യവസായ മേഖലയിൽ സമാധാനം കെടുത്തുമെന്ന് ജസ്റ്റിസ് നാഗരത്ന
അരനൂറ്റാണ്ട് കാലമായി തൊഴിൽ തർക്കങ്ങളിൽ തുടർന്നുവരുന്ന ‘വ്യവസായ’ നിർവചനം പൊളിച്ചെഴുതാനുള്ള ഒമ്പതംഗ ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ വിധിക്കെതിരെ കടുത്ത എതിർപ്പുയർത്തിയത് ജസ്റ്റിസ് ബി.വി. നാഗരത്ന. അനാവശ്യമായ തിരുത്താണ് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് എഴുതിയ വിധിപ്രസ്താവത്തിലേതെന്നും വ്യവസായമേഖലയിൽ സമാധാനം കെടുത്തുന്നതും അനിശ്ചിതത്വം സൃഷ്ടിക്കുന്നതുമാണിതെന്നും അവർ കുറ്റപ്പെടുത്തി. മാത്രമല്ല, മുമ്പത്തേക്കാൾ വ്യവസായത്തിന്റെ 1978ലെ വിശാല നിർവചനം ഉയർത്തിപ്പിടിക്കേണ്ടതാണ് വർത്തമാന സാഹചര്യമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

