കുറ്റപത്രങ്ങൾ എല്ലാവർക്കും കൈമാറാനാവില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കുറ്റപത്രങ്ങൾ എല്ലാവർക്കും നൽകാനാവില്ലെന്നും പൊലീസും സി.ബി.ഐ, ഇ.ഡി തുടങ്ങിയ അന്വേഷണ ഏജൻസികളും എഫ്.ഐ.ആറുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയാൽ എൻ.ജി.ഒ(സർക്കാറിതര സന്നദ്ധ സംഘടന)കൾ അവ ദുരുപയോഗം ചെയ്യുമെന്നും സുപ്രീംകോടതി. കുറ്റപത്രങ്ങൾ അന്വേഷണ ഏജൻസികളുടെയോ സർക്കാറിന്റെയോ വെബ്സൈറ്റിലിടണമെന്ന് ആവശ്യപ്പെട്ട് അന്വേഷണാത്മക പത്രപ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ സൗരവ് ദാസ് സമർപ്പിച്ച ഹരജി പരിഗണിക്കെയാണ് ഇത്തരമൊരു ആശങ്ക സുപ്രീംകോടതി ഉന്നയിച്ചത്. ഈ ആശങ്കയോടെ ഹരജി വിധി പറയാനായി മാറ്റി.
എഫ്.ഐ.ആറുകൾ കേസുകളുമായി ബന്ധമില്ലാത്തവർക്ക് നൽകിയാൽ പല വേദികളും എൻ.ജി.ഒകളും അവ ദുരുപയോഗം ചെയ്യുമെന്ന് ജസ്റ്റിസ് എം.ആർ. ഷാ വ്യക്തമാക്കിയപ്പോൾ ഇ.സി.ഐ.ആർ (ഇ.ഡി തയാറാക്കുന്ന പ്രഥമ വിവര റിപ്പോർട്ട്) എഫ്.ഐ.ആർ പോലെയല്ലെന്ന് സുപ്രീംകോടതി ഈയിടെ വിധിച്ചത് ജസ്റ്റിസ് സി.ടി രവികുമാർ ശ്രദ്ധയിൽപെടുത്തി. അതിനാൽ കുറ്റപത്രം വെബ്സൈറ്റിൽ ഇടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് പറയാനാവുമോയെന്ന് ജഡ്ജി സംശയം പ്രകടിപ്പിച്ചു. കുറ്റപത്രങ്ങൾ എല്ലാവർക്കും നൽകാനാവില്ലെന്നും ജസ്റ്റിസ് എം.ആർ. ഷാ കൂട്ടിച്ചേർത്തു.
സുപ്രീംകോടതിയുടെ ഈ നിലപാട് ഖണ്ഡിച്ച മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റപത്രം എഫ്.ഐ.ആർ പോലെയല്ലെന്നും പൊതുജനങ്ങൾക്ക് മുന്നിലുള്ള ഒരു രേഖയാണെന്നും പറഞ്ഞു. തെളിവ് നിയമത്തിലെ 74ാം വകുപ്പ് പ്രകാരമുള്ള പൊതുരേഖയുടെ നിർവചനത്തിൽ വരുമത്. തെളിവ് നിയമത്തിലെ 76ാം വകുപ്പ് ഈ പൊതുരേഖകൾ കസ്റ്റഡിയിലെടുക്കാനും പരിശോധിക്കാനും അന്വേഷണ ഉദ്യോഗസ്ഥന് അധികാരം നൽകുന്നുമുണ്ട്. ഇത് കൂടാതെ കുറ്റപത്രം പ്രസിദ്ധീകരിക്കണമെന്ന് ക്രിമിനൽ നടപടിക്രമവും വിവരാവകാശ നിയമവും ഉദ്ധരിച്ചും ഭൂഷൺ വാദിച്ചു.
കുറ്റകൃത്യം വൈകാരികമല്ലെങ്കിൽ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്.ഐ.ആർ 24 മണിക്കൂറിനകം പൊലീസിന്റെയോ സർക്കാറിന്റെയോ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്ന സുപ്രീംകോടതി വിധിയും ഭൂഷൺ ബെഞ്ചിനെ ഓർമിപ്പിച്ചു. കുറ്റപത്രങ്ങൾക്ക് ഈ യുക്തി ഇതിലും ശക്തമായി ബാധകമാക്കണം. കാരണം വസ്തുതകളുടെ പിൻബലമില്ലാത്ത ആരോപണങ്ങൾ പോലും എഫ്.ഐ.ആറുകളാകുമ്പോൾ അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രങ്ങൾ സമർപ്പിക്കുന്നത്.
അന്വേഷണം അവസാനിക്കുകയും തെളിവുകൾ പരിശോധിച്ച് അന്വേഷണ ഏജൻസി ഒരു ഉപസംഹാരത്തിലെത്തുകയും ചെയ്ത ശേഷം കുറ്റപത്രത്തിലെ വിവരങ്ങൾ ഏജൻസിയുടെയോ സർക്കാറിന്റെയോ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തരുതെന്ന് പറയാൻ ന്യായമില്ലെന്ന് ഭൂഷൺ ബോധിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.