അഭ്യൂഹമുയർത്തി കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഡൽഹിയിൽ
text_fieldsബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി മാറ്റമെന്ന അഭ്യൂഹമുയർത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ എന്നിവർ ഡൽഹിയിൽ. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ചയാണ് ലക്ഷ്യം.
വികസന പദ്ധതികളുമായി ബന്ധപ്പെട്ട് തികച്ചും ഔദ്യോഗികപരമാണ് തങ്ങളുടെ സന്ദർശനമെന്ന് സിദ്ധരാമയ്യയും ശിവകുമാറും പ്രതികരിച്ചു. അതേസമയം, മുഖ്യമന്ത്രി മാറ്റം സംബന്ധിച്ച് കർണാടക കോൺഗ്രസിലെ പല നേതാക്കളും പരസ്യപ്രസ്താവന തുടരുന്ന സാഹചര്യത്തിൽ അനുനയത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല ബംഗളൂരുവിലെത്തിയിട്ടുണ്ട്.
ബുധനാഴ്ച അദ്ദേഹം വിവിധ നേതാക്കളുമായി ചർച്ച നടത്തി. കർണാടകയിലെ സിദ്ധരാമയ്യ സർക്കാറിന്റെ ഭരണം രണ്ടുവർഷം പിന്നിട്ടതോടെയാണ് മുഖ്യമന്ത്രിമാറ്റം സംബന്ധിച്ച ചർച്ച സജീവമായത്. നവംബറിൽ സർക്കാർ ഭരണം രണ്ടര വർഷം പൂർത്തിയാവും. നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദവിക്കായി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ചരടുവലിച്ചിരുന്നു.
ഒടുവിൽ ഹൈകമാൻഡിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ശിവകുമാർ പിടി അയഞ്ഞത്. ഇരുവർക്കും രണ്ടരവർഷം വീതം മുഖ്യമന്ത്രിപദമെന്ന ഫോർമുല രൂപപ്പെടുത്തിയിരുന്നതായാണ് വിവരം. സിദ്ധരാമയ്യയുടെ കാലാവധി രണ്ടുവർഷം പിന്നിട്ടതോടെ ഡി.കെ വിഭാഗം മുഖ്യമന്ത്രിമാറ്റം സംബന്ധിച്ച ചർച്ച സജീവമാക്കുകയായിരുന്നു. കോൺഗ്രസ് സർക്കാർ ഉറച്ച പാറപോലെ അഞ്ചുവർഷം പൂർത്തിയാക്കുമെന്നായിരുന്നു ഇതുസംബന്ധിച്ച് സിദ്ധരാമയ്യയുടെ പ്രതികരണം.
തീരുമാനങ്ങളെല്ലാം ഹൈകമാൻഡിന്റേതാണെന്നായിരുന്നു ശിവകുമാർ വ്യക്തമാക്കിയത്. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട രാമനഗരയിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എ ഇഖ്ബാൽ ഹുസൈന് കെ.പി.സി.സി അധ്യക്ഷനായ ശിവകുമാർതന്നെ കാരണം കാണിക്കൽ നോട്ടീസും നൽകി. സർക്കാറിനെതിരെ കോൺഗ്രസ് എം.എൽ.എമാരായ രാജു കാഗെ, ബി.ആർ പാട്ടീൽ, ബേലൂർ ഗോപാലകൃഷ്ണ എന്നിവരും രംഗത്തെത്തിയിരുന്നു. സിദ്ധരാമയ്യയുടെ വലംകൈയായ ഭവനമന്ത്രി സമീർ അഹമ്മദ് ഖാനെ മാറ്റണമെന്ന ആവശ്യം പാട്ടീലും ഗോപാലകൃഷ്ണയും ഉയർത്തിയിട്ടുണ്ട്.
സെപ്റ്റംബറോടെ സർക്കാറിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് സഹകരണ മന്ത്രി കെ.എൻ. രാജണ്ണയും പ്രസ്താവന നടത്തിയിരുന്നു. മന്ത്രിസഭ പുനഃസംഘാടനത്തിനു പുറമെ ഒഴിഞ്ഞുകിടക്കുന്ന 22 ബോർഡ്, കോർപറേഷനുകളിൽ ചെയർമാൻ പദവിയിലും നാല് എം.എൽ.സിമാരെ നിശ്ചയിക്കുന്നതിലും തീരുമാനമാകാനുള്ളതും ഡൽഹിയിലെ ചർച്ചയിലെ പ്രധാന വിഷയങ്ങളാകും.
കർണാടക ഭവനിൽ മുഖ്യമന്ത്രിയുടെ മുറിയിൽ ഡി.കെ!
ബംഗളൂരു: ഡൽഹിയിൽ പുതുതായി പണികഴിപ്പിച്ച കർണാടക ഭവനിൽ മുഖ്യമന്ത്രിയുടെ പ്രത്യേക സ്യൂട്ട് മുറിയിൽ ഡി.കെ. ശിവകുമാറിന്റെ വാസം. ബുധനാഴ്ച ഡൽഹിയിൽ കോൺഗ്രസ് നേതാക്കളെ കാണാനെത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കർണാടക ഭവനിലാണ് കഴിയുന്നത്.
കർണാടകയിൽ മുഖ്യമന്ത്രി മാറ്റം സംബന്ധിച്ച് ചർച്ച ചൂടുപിടിച്ചിരിക്കെ, മുഖ്യമന്ത്രിക്കായൊരുക്കിയ പ്രത്യേക സ്യൂട്ട് റൂമിലാണ് ഡി.കെ കഴിയുന്നതെന്നത് മാധ്യമങ്ങളിലും ചർച്ചയായി.
എന്നാൽ, മുറിയിലെ ആവശ്യത്തിന് വായുസഞ്ചാരമില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തേ മുഖ്യമന്ത്രി സിദ്ധരാമയ്യ സ്യൂട്ട് റൂം ഒഴിവാക്കുകയായിരുന്നു. ഇതോടെ ഈ മുറി ഉപയോഗിക്കാൻ അനുമതിതേടി ശിവകുമാർ ജൂലൈ ഏഴിന് മുഖ്യമന്ത്രിക്ക് കത്തെഴുതി. അനുമതി നൽകിയ സിദ്ധരാമയ്യ കത്ത് പ്രോട്ടോകോൾ വിഭാഗത്തിന് കൈമാറുകയും ചെയ്തു. ബുധനാഴ്ച ഡൽഹിയിലെത്തിയ ശിവകുമാർ മുഖ്യമന്ത്രിയുടെ മുറിയിലേക്കും സിദ്ധരാമയ്യ, സമീപ കെട്ടിടത്തിലെ മുഖ്യമന്ത്രിയുടെ ക്വാർട്ടേഴ്സിലേക്കും താമസം മാറുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.