ജി20 യോഗം തർക്കപ്രദേശത്തെന്ന്; ചൈന പങ്കെടുക്കില്ല
text_fieldsന്യൂഡൽഹി: വിനോദസഞ്ചാര വിഷയത്തിലുള്ള ജി20 രാജ്യങ്ങളുടെ യോഗം നാളെ കശ്മീരിൽ തുടങ്ങാനിരിക്കേ ഇന്ത്യ-ചൈന വാക്പോരും ചൈനയുടെ ബഹിഷ്കരണവും. ‘തർക്കപ്രദേശത്ത്’ ഏതു തരത്തിലുള്ള ജി20 യോഗം നടത്തുന്നതിനെയും ശക്തമായി എതിർക്കുമെന്നും അത്തരം യോഗങ്ങളിൽ പങ്കെടുക്കില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞു.
എന്നാൽ, സ്വന്തം പ്രദേശത്ത് എവിടെയും യോഗങ്ങൾ നടത്താൻ സ്വാതന്ത്ര്യമുണ്ടെന്നും ചൈനയുമായുള്ള സാധാരണ ബന്ധത്തിന് അതിർത്തിയിലെ സമാധാനം അത്യാവശ്യമാണെന്നും ഇന്ത്യ തിരിച്ചടിച്ചു. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ശ്രീനഗറിലാണ് വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട ജി20 യോഗം. കശ്മീർ പുനഃസംഘടനക്ക് ശേഷം ശ്രീനഗറിൽ നടക്കുന്ന സുപ്രധാന സമ്മേളനമാണിത്. ചൈനയും തുർക്കിയും സൗദി അറേബ്യയും വെള്ളിയാഴ്ചവരെ യോഗത്തിനായി രജിസ്റ്റർ ചെയ്തിട്ടില്ല. തുർക്കിയും സൗദിയും പങ്കെടുക്കുമോ ഇല്ലയോ എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, യോഗം തുടങ്ങുന്ന തിങ്കളാഴ്ച രാവിലെവരെ രജിസ്ട്രേഷന് സമയമുണ്ടെന്ന് കേന്ദ്ര ടൂറിസം സെക്രട്ടറി അർവിന്ദ് സിങ് പറഞ്ഞു. അതിഥിയായി ക്ഷണിച്ചവരിൽ ഈജിപ്തും പങ്കെടുക്കില്ല. ചൈനയും തുർക്കിയും ഈജിപ്തും കശ്മീർ വിഷയത്തിലടക്കം പാകിസ്താനൊപ്പം നിലകൊള്ളുന്നവരാണ്. കശ്മീർ വിഷയം കൂടുതൽ ചർച്ചയാക്കാൻ ലക്ഷ്യമിട്ടാണ് ജി20 യോഗത്തിന് തൊട്ടുമുമ്പ് ചൈന പ്രതികരണവുമായെത്തിയത്.
ഇന്ത്യയെ കൂടാതെ അർജന്റീന, ആസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സികോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുനൈറ്റഡ് കിംഗ്ഡം, യുനൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ജി20. അതിഥികളായി രാജ്യങ്ങളെയും അന്താരാഷ്ട്ര സംഘടനകളിൽനിന്നുമുള്ള പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, മൊറീഷ്യസ്, നെതർലൻഡ്സ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, സ്പെയിൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുക്കും. ടൂറിസം വിഷയത്തിൽ മൂന്നാമത്തെ ജി20 യോഗമാണ് ഇന്ത്യയിൽ നടക്കുന്നത്. അവസാന യോഗം ഗോവയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.