ചിന്മയാനന്ദ പീഡനക്കേസ്; നിയമ വിദ്യാർഥിനിയെ മറ്റേതെങ്കിലും കോളജിലേക്കു മാറ്റാൻ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദക്കെതിരെ പീഡ ന ആരോപണം ഉയർന്ന കേസിലെ ഇരയായ നിയമ വിദ്യാർഥിനിയെ ഷാജഹാൻപുരിൽനിന്ന് മറ്റേതെങ്കിലും കോളജിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. പെൺകുട്ടിയെയും സഹോദരനെയും അവരുടെ ഭാവിക്ക് ഗുണകരമാവുംവിധം യു.പിയിലെ ബറേലി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത, ഹോസ്റ്റൽ സൗകര്യമുള്ള മറ്റേതെങ്കിലും നിയമ കോളജിലേക്ക് മാറ്റാനാണ് നിർദേശം.
ഇതുസംബന്ധിച്ച് ആദ്യം നൽകിയ ഉത്തരവിനെ തുടർന്ന് പെൺകുട്ടിയെ മാറ്റാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ജസ്റ്റിസുമാരായ ആർ. ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവർ അടങ്ങുന്ന ബെഞ്ചിനെ യു.പി സർക്കാർ അറിയിച്ചു.
ഷാജഹാൻപുരിൽ ചിന്മയാനന്ദ നടത്തുന്ന ആശ്രമത്തിനു കീഴിലുള്ള കോളജിലാണ് പെൺകുട്ടി എൽഎൽ.എമ്മിന് പഠിക്കുന്നത്. ഇവിടെ തുടർ പഠനത്തിന് താൽപര്യമില്ലെന്ന് പെൺകുട്ടി കോടതി മുമ്പാകെ പറഞ്ഞിരുന്നു. കോടതി നിർദേശത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച യു.പി സർക്കാർ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ സംഘത്തിെൻറ തലപ്പത്ത് നിയോഗിച്ചു.
അതിനിടെ, നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്ന് ചിന്മയാനന്ദ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കു പറയാനുള്ളതെല്ലാം അന്വേഷണ സംഘത്തോട് പറയുമെന്നും ചിന്മയാനന്ദ വ്യക്തമാക്കി. പീഡനക്കേസ് അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് യു.പി സർക്കാറിനോട് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് ചിന്മയാനന്ദയുടെ പ്രതികരണം. കേസ് രജിസ്റ്റർ ചെയ്തശേഷം ആദ്യമായാണ് ഇയാൾ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്.
വാർത്തസമ്മേളനത്തിനിടെ ദൃശ്യമാധ്യമ പ്രവർത്തകരോട് കാമറകൾ ഒാഫ് ചെയ്യാൻ ബി.ജെ.പി നേതാവ് പറഞ്ഞു. ഇലക്ട്രോണിക് മാധ്യമങ്ങളോട് സംസാരിക്കാൻ തനിക്ക് താൽപര്യമില്ലെന്നായിരുന്നു അതിനു പറഞ്ഞ കാരണം. ഷാജഹാൻപുർ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തതിനുശേഷം യു.പി പൊലീസ് ഇയാളെ പിന്തുടർന്ന് ഹരിദ്വാർ വരെ എത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.