'വെള്ളം ചോദിച്ചിട്ട് കൊടുക്കാനായില്ലല്ലോ...' വിതുമ്പലോടെ ശിവകുമാർ
text_fieldsകുന്നൂർ: ഹെലികോപ്ടർ അപകടം നടന്ന് നിമിഷങ്ങൾക്കുശേഷം സംയുക്ത സേന മേധാവി ബിപിൻ റാവത്തിനെ ജീവനോടെ കണ്ടതായും അദ്ദേഹം വെള്ളം ചോദിച്ചതായും ദൃക്സാക്ഷി. വ്യോമസേനയുടെ ഹെലികോപ്ടർ പൊട്ടിത്തെറിച്ചുവീഴുന്നത് താൻ കണ്ടതായി ശിവകുമാർ എന്നയാളാണ് അവകാശപ്പെട്ടത്. കുന്നൂർ ടൗണിൽ താമസിക്കുന്ന താൻ തേയിലത്തോട്ടത്തിൽ ജോലിചെയ്യുന്ന സഹോദരനെ കാണാൻ വരുകയായിരുന്നുവെന്ന് ശിവകുമാർ പറഞ്ഞു.
അപകടസ്ഥലത്തേക്ക് ഞാനും ബന്ധുവും മറ്റുള്ളവരും കുതിച്ചു. സംഭവസ്ഥലത്ത് എത്തുമ്പോൾ ഹെലികോപ്ടർ കത്തിയമരുന്ന കാഴ്ചയാണ് കണ്ടത്. മൂന്നുപേർ ഹെലികോപ്ടറിൽനിന്ന് ചാടിയതായി ഞങ്ങൾ കണ്ടു. ആദ്യം രക്ഷാപ്രവർത്തനത്തിൽനിന്ന് മാറിനിന്ന ഞങ്ങൾ പിന്നീട് പരിസരം അന്വേഷിച്ചപ്പോൾ ഒരാളെ ജീവനോടെ കെണ്ടത്തി. അയാൾ ഞങ്ങളോട് വെള്ളം ചോദിച്ചു. സാറിനെ ഞങ്ങൾ രക്ഷപ്പെടുത്തുമെന്നു പറഞ്ഞ് അദ്ദേഹത്തെ സമാധാനപ്പെടുത്തി. അദ്ദേഹം 'വാട്ടർ പ്ലീസ്' എന്നു പറഞ്ഞു. പക്ഷേ, ഏറ്റവും താഴെയായതിനാൽ പെട്ടെന്ന് മുകളിൽ എത്തി വെള്ളവുമായി തിരിച്ചുവരാൻ കഴിയുമായിരുന്നില്ല. അപ്പോഴേക്കും ഒരു ഉദ്യോഗസ്ഥൻ എത്തി. അദ്ദേഹത്തെ ബെഡ്ഷീറ്റിൽ പൊതിഞ്ഞാണ് ഞങ്ങൾ മുകളിലേക്ക് കൊണ്ടുവന്നത് -ശിവ് കുമാർ എൻ.ഡി.ടി.വിയോട് പറഞ്ഞു.
മൂന്നു മണിക്കൂറിനുശേഷം സൈനിക ഉദ്യോഗസ്ഥൻ ഫോട്ടോ കാണിച്ചുതന്ന് നിങ്ങൾ രക്ഷപ്പെടുത്തിയത് സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനെയാണെന്ന് പറഞ്ഞു. അതുകേട്ടപ്പോൾ വല്ലാത്ത വിഷമമായി. രാജ്യത്തിനുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തയാളാണോ തന്നോട് വെള്ളം ചോദിച്ചത് എന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. കുടിക്കാൻ വെള്ളം ചോദിച്ചിട്ട് കൊടുക്കാനായില്ലല്ലോ എന്ന് ഓർത്ത് ഒരുപാടു വേദനിച്ചു. അദ്ദേഹം മരിച്ചതറിഞ്ഞപ്പോൾ രാത്രിയൊന്നും ഉറങ്ങാനായില്ല -ശിവകുമാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.