ബംഗാളിൽ ക്രൈസ്തവർക്കെതിരായ അതിക്രമം വർധിക്കുന്നു; കൊൽക്കത്തയിൽ പ്രാർഥന റാലിയുമായി 'ബംഗിയ ക്രിസ്ത്യൻ പരിഷത്ത്'
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്രൈസ്തവർക്ക് നേരെ വർധിച്ചു വരുന്ന ആക്രമണങ്ങളിലും ഭീഷണികളിലും പ്രതിഷേധിച്ച് 'ബംഗിയ ക്രിസ്ത്യൻ പരിഷത്ത്' കൊൽക്കത്തയിലെ എസ്പ്ലനേഡിൽ വലിയ പ്രാർഥന റാലി സംഘടിപ്പിച്ചു. സംസ്ഥാനത്തെ ക്രൈസ്തവ സമൂഹം കഴിഞ്ഞ അഞ്ച് മാസമായി നേരിട്ടുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത പ്രതിസന്ധികൾക്കും അക്രമങ്ങൾക്കും എതിരെയായിരുന്നു ഈ കൂട്ടായ്മയെന്ന് ബി.സി.പി സ്ഥാപക സംസ്ഥാന സെക്രട്ടറി ഹെറോദ് മല്ലിക് വ്യക്തമാക്കി.
സംസ്ഥാനത്തെ 13 ലക്ഷത്തിലധികം കത്തോലിക്കരെയും മറ്റ് ക്രൈസ്തവ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന ബി.സി.പിയുടെ നേതൃത്വത്തിൽ നടന്ന ഈ റാലിയിൽ, പശ്ചിമ ബംഗാളിന് പുറമെ ഒഡീസ, നാഗാലാൻഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള മതനേതാക്കളും പങ്കെടുത്തു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ പ്രാർഥന യോഗങ്ങൾക്ക് നേരെ വ്യാപകമായ ആക്രമണങ്ങളാണ് ഉണ്ടായത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം 48 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അനൗദ്യോഗിക കണക്കുകൾ ഇതിലും വളരെ കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭൂരിഭാഗം കേസുകളിലും പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്നും, ആകെ 16 എഫ്.ഐ.ആറുകൾ മാത്രമാണ് ഇതുവരെ രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം പോലീസിനെതിരെ ആരോപിച്ചു.
സമാധാനപരമായ പ്രാർഥന യോഗങ്ങളെ നിർബന്ധിത മതപരിവർത്തനങ്ങളായി ചിത്രീകരിച്ച് അക്രമങ്ങൾക്ക് ന്യായീകരണം കണ്ടെത്താൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് ഹെറോദ് മല്ലിക് കുറ്റപ്പെടുത്തി. സ്വന്തം ഇഷ്ടപ്രകാരം കടന്നുവരുന്നവരെ മാത്രമാണ് മാമ്മോദീസ മുക്കുന്നതെന്നും, നിർബന്ധിത മതപരിവർത്തന ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, നിർബന്ധിത മതപരിവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്വതന്ത്ര സഭകളെ തങ്ങളും പിന്തുണയ്ക്കുന്നില്ലെന്നും, ഇതുമൂലം സമുദായത്തിന്റെ പ്രതിച്ഛായയാണ് തകരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തെറ്റിദ്ധാരണകൾ അകറ്റാൻ നവംബർ അവസാനത്തോടെ സഭാ നേതാക്കളുടെയും ബി.സി.പിയുടെയും നേതൃത്വത്തിൽ സംയുക്ത ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ബുധനാഴ്ച ആർ.എസ്.എസ് നേതാവ് ജിഷ്ണു ബസുവിനെ കണ്ടതായി അദ്ദേഹം വെളിപ്പെടുത്തി. കൂടിക്കാഴ്ച വളരെ അനുകൂലമായിരുന്നുവെന്നും, ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ആർ.എസ്.എസ് പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും ഹെറോദ് മല്ലിക് പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്ന് ജിഷ്ണു ബസു ഉറപ്പ് നൽകിയിട്ടുണ്ടെന്നും, കൂടാതെ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനെയും കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈസ്റ്റ് ബർധമാൻ, സൗത്ത് 24 പർഗാനാസ്, ഹൗറ, നാദിയ, വെസ്റ്റ് മിഡ്നാപൂർ തുടങ്ങിയ ജില്ലകളിലും സമാനമായ രീതിയിൽ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. വെസ്റ്റ് മിഡ്നാപൂരിലെ ബാലിചക് സ്വദേശിയായ പഞ്ചുഗോപാൽ മണ്ഡൽ തന്റെ അമ്മയുടെ ശവസംസ്കാര ചടങ്ങിനിടയിൽ വീടിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചും, പോലീസ് നടപടിയെടുക്കാത്തതിനെക്കുറിച്ചും യോഗത്തിൽ സംസാരിച്ചു. നവംബർ 2ന് കൊൽക്കത്തയിൽ മുൻ ഉദ്യോഗസ്ഥരുടെയും സിവിൽ സൊസൈറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ജനകീയ ട്രൈബ്യൂണൽ ചേർന്ന് പീഡനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ യോഗത്തിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ദൈവശാസ്ത്ര വിദ്യാർഥിയായ ബ്രദർ ബോണി ടോം, തങ്ങൾ ആരെയും ബലമായി മതം മാറ്റുന്നില്ലെന്നും, യേശുവാണ് കർത്താവ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും വ്യക്തമാക്കി

