ക്രൈസ്തവ വേട്ട: പ്രതിഷേധവുമായി എം.പിമാർ; പാർലമെന്റിൽ അടിയന്തര പ്രമേയ നോട്ടീസ്
text_fieldsന്യൂഡൽഹി: ഒഡിഷയിലെ ജലേശ്വറിൽ മലയാളികൾ ഉൾപ്പെടുന്ന വൈദികരെയും കന്യാസ്ത്രീകളെയും ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമിച്ചതിൽ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധവുമായി എം.പിമാർ. വെള്ളിയാഴ്ച പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനുമുമ്പ് പ്രധാന കവാടത്തിനുപുറത്ത് അമേരിക്കൻ സാമ്രാജ്യവാദത്തിനെതിരെയും ഒഡിഷയിൽ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ നടത്തിയ ആക്രമണത്തിനുമെതിരെ നടന്ന ഇടത് എം.പിമാരുടെ പ്രതിഷേധത്തിൽ കെ. രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം, ആർ. സച്ചിതാനന്ദം, പി.പി. സുനീർ, വി. സെൽവരാജ്, പി. സന്തോഷ് കുമാർ, സുധാമ പ്രസാദ്, രാജാറാം എന്നിവർ പങ്കെടുത്തു.
ഉച്ചക്കുശേഷം പാർലമെന്റിനു പുറത്ത് വിജയ് ചൗക്കിൽ നടന്ന യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധത്തിൽ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, ബെന്നി ബഹനാൻ, ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിൽനിന്നുള്ള എം.പിമാർ പാർലമെന്റിൽ അടിയന്തര പ്രമേയത്തിനും ശൂന്യവേളയിൽ വിഷയം ഉന്നയിക്കാനും നോട്ടീസ് നൽകി.
ധർമനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ മതവൈരവും വ്യാജപ്രചാരണവും അക്രമവും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി നോട്ടീസിൽ ചൂണ്ടിക്കാട്ടി. മതം തിരഞ്ഞെടുക്കാനും ആ മതത്തിൽ ജീവിക്കാനുമുള്ള സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടനയിൽ പറയുന്ന മൗലികാവകാശമാണെന്നും ഇതാണ് ബി.ജെ.പി സർക്കാർ നിഷേധിക്കുന്നതെന്നും കെ. സുധാകരൻ സ്പീക്കർക്ക് നൽകിയ നോട്ടീസിൽ വ്യക്തമാക്കി. ആന്റോ ആന്റണി, ബെന്നി ബഹനാൻ, ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ എന്നിവരും നോട്ടീസ് നൽകി.
കേരളത്തിലെ കേന്ദ്ര മന്ത്രിമാർ വാ തുറക്കുന്നില്ലെന്ന് ഇടത് എം.പിമാർ
ന്യൂഡൽഹി: ക്രൈസ്തവ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും എതിരെ ഉത്തരേന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിൽ സംഘടിതമായ ആക്രമണങ്ങളാണ് അരങ്ങേറുന്നതെന്ന് എം.പിമാരായ ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ, എ.എ. റഹീം എന്നിവർ പ്രതികരിച്ചു.
ഛത്തിസ്ഗഢിൽ നടന്ന അതേ സംഭവമാണ് ഒഡിഷയിലും ആവർത്തിച്ചത്. അക്രമികളെ പൂർണമായി വിട്ടയച്ച പൊലീസ്, ആക്രമണത്തിനിരയായവർക്കെതിരെ കേസെടുക്കുകയും ചെയ്തു. വിഷയത്തിൽ കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാർ വാ തുറക്കുന്നില്ല. ക്രൈസ്തവ ന്യൂനപക്ഷത്തെ ഉപയോഗിച്ച് നേടിയ മന്ത്രിസ്ഥാനങ്ങളാണ് സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റേതും. നിശ്ശബ്ദത അവസാനിപ്പിച്ച് ഇവർ നിലപാട് വ്യക്തമാക്കണമെന്നും എം.പിമാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.