ചർച്ചിൽ അലിമാവോ തിരക്കിലാണ് മകൾക്ക് കോൺഗ്രസ് സീറ്റ് വേണം
text_fieldsമുംബൈ: സൗത്ത് ഗോവ ലോക്സഭ മണ്ഡലത്തിൽ മകൾ വലൻകക്ക് കോൺഗ്രസ് സീറ്റ് ലഭിക്കാൻ എൻ.സി.പി നേതാവും മുൻ ഗോവ മുഖ്യമന്ത്രിയുമായ ചർച്ചിൽ അലിമാവോയുടെ കരുനീക്കം. പ്രാദേശിക നേതാക്കൾ എതിർക്കുമ്പോഴും അദ്ദേഹം കോൺഗ്രസ് ഹൈകമാൻഡിൽ സമ്മർദം ചെലുത്തുകയാണ്.
2014ൽ സൗത്ത് ഗോവ സീറ്റ് മകൾക്ക് നൽകാത്തതിൽ പ്രതിഷേധിച്ചാണ് അലിമാവോ കോൺഗ്രസ് വിട്ടത്. ഇദ്ദേഹം ആദ്യം തൃണമൂൽ കോൺഗ്രസിലും 2016ൽ എൻ.സി.പിയിലും ചേരുകയായിരുന്നു. തൃണമൂൽ ടിക്കറ്റിൽ അലിമാവോ കോൺഗ്രസിനെതിരെ മത്സരിച്ചു.
എൻ.സി.പിയുടെ ഏക എം.എൽ.എയായിരുന്ന ചർച്ചിൽ അലിമാവോ 2017ലെ ഗോവ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പിന്തുണച്ചത് മനോഹർ പരീകറെയായിരുന്നു. എന്നാൽ, പരീകറുടെ പിൻഗാമിയായെത്തിയ ഡോ. പ്രമോദ് സാവന്തിനെ പിന്തുണച്ചില്ല. കോൺഗ്രസിനെ പിന്തുണച്ച് കത്തും നൽകി. ഇൗ മാറ്റം മകൾക്കായുള്ള ടിക്കറ്റ് ശ്രമത്തിെൻറ ഭാഗമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
കോൺഗ്രസിനെ പിന്തുണക്കുന്നത് നിരുപാധികമാണെന്നും ഒരാവശ്യവും താൻ ഉന്നയിച്ചിട്ടില്ലെന്നും അലിമാവോ അവകാശപ്പെട്ടു. സീറ്റ് നിഷേധിച്ചാലും പിന്തുണ കോൺഗ്രസിന് തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, പുറത്തുനിന്നുള്ളവർ വേണ്ടെന്നും കോൺഗ്രസിെൻറ സമരങ്ങളിലും മറ്റും പങ്കെടുക്കാത്തവർക്ക് ടിക്കറ്റ് നൽകരുതെന്നും ആവശ്യപ്പെട്ട് പ്രാദേശിക നേതാക്കൾ ഹൈകമാൻഡിന് കത്തെഴുതിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.