Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഡൽഹിയിലെ കാലാവസ്ഥ ആസ്വദിക്കുന്നുണ്ടോ?’; വായുമലിനീകരണത്തിന് പ്രധാന കാരണം വാഹനപ്പുകയെന്ന് ചീഫ് ജസ്റ്റിസ്

text_fields
bookmark_border
‘ഡൽഹിയിലെ കാലാവസ്ഥ ആസ്വദിക്കുന്നുണ്ടോ?’; വായുമലിനീകരണത്തിന് പ്രധാന കാരണം വാഹനപ്പുകയെന്ന് ചീഫ് ജസ്റ്റിസ്
cancel

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണത്തിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വായുമലിനീകരണത്തിന് പ്രധാന കാരണം വാഹനങ്ങളിൽനിന്നുള്ള പുകയും ഗതാഗതക്കുരുക്കുമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വൈക്കോൽ കത്തിക്കലും മാലിന്യം കത്തിക്കലും ഉൾപ്പെടെയുള്ള മലിനീകരണ സ്രോതസ്സുകൾ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും കോടതി എഴുത്തുപറഞ്ഞു. വെള്ളിയാഴ്ച കേസ് പരിഗണിക്കവെ ജസ്റ്റിസ് സൂര്യകാന്ത് ഡൽഹിയിലെ കാലാവസ്ഥയെക്കുറിച്ച് നടത്തിയ പരിഹാസച്ചോദ്യവും ശ്രദ്ധേയമായിരുന്നു. ‘ഡൽഹിയിലെ കാലാവസ്ഥ നിങ്ങൾ ആസ്വദിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഡൽഹി-എൻ.സി.ആറിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചത്. മലിനീകരണത്തിന്റെ തോത് ഗുരുതര വിഭാഗത്തോട് അടുത്തുനിൽക്കുകയാണെന്നും ഡൽഹിയിലെ വായു ശ്വസിക്കുന്നത് ദിവസം 30 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നും കേസിലെ അമിക്കസ് ക്യൂറി അപരാജിത സിങ് കോടതിയെ അറിയിച്ചു. മഴ പെയ്തതിനെത്തുടർന്നാണ് മലിനീകരണ തോത് കുറഞ്ഞതെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

നവംബർ അഞ്ചിന് ഡൽഹിയിലെ മലിനീകരണത്തിൽ വൈക്കോൽ കത്തിക്കലിന്റെ പങ്ക് 14 ശതമാനമായിരുന്നുവെന്ന് അപരാജിത സിങ് പറഞ്ഞു. എന്നാൽ വൈക്കോൽ കത്തിക്കൽ ആരംഭിക്കുന്നതിനു മുമ്പുതന്നെ നഗരത്തിൽ മലിനീകരണം രൂക്ഷമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ഗതാഗതമാണ് ഏറ്റവും വലിയ പ്രശ്നമെന്നും വാഹനങ്ങൾ, ഊർജോൽപാദനം, മാലിന്യം കത്തിക്കൽ തുടങ്ങിയ പ്രാദേശിക കാരണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വൈക്കോൽ കൈകാര്യം ചെയ്യുന്നതിനുള്ള യന്ത്രങ്ങൾ നൽകിയാലും ഇന്ധനച്ചെലവും ചെറിയ കൃഷിയിടങ്ങളിലെ ഉപയോഗപ്രശ്നങ്ങളും കാരണം കർഷകർക്ക് അവ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്ന് അപരാജിത സിങ് പറഞ്ഞു. വൈക്കോൽ ശേഖരിക്കുന്നതിന് നിശ്ചിത വില നേരത്തേ പ്രഖ്യാപിക്കണമെന്നും ആവശ്യമായ യന്ത്രങ്ങൾ ഗ്രാമപഞ്ചായത്തുകൾക്ക് നൽകണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ശേഖരിക്കുന്ന വൈക്കോൽ സൂക്ഷിക്കാൻ സംഭരണശാലകൾ ഒരുക്കുന്നതും കോടതി ചർച്ച ചെയ്തു. നിർദേശങ്ങൾ കൃഷിമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചു.

ഡൽഹിയെയും എൻ.സി.ആറിലെ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന റോഡുകളിലെ വാഹനത്തിരക്ക് മലിനീകരണത്തിന് പ്രധാന കാരണമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഡീസൽ ഓട്ടോറിക്ഷകൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

ദീപാവലി ആഘോഷങ്ങളിൽ പടക്കങ്ങളുടെ ഉപയോഗം കുറക്കേണ്ടതിനെക്കുറിച്ചും കോടതി സംസാരിച്ചു. പടക്കങ്ങൾ ഉപയോഗിക്കുന്നത് സാമൂഹിക പദവിയുടെ അടയാളമായി കാണുന്ന സാമ്പത്തികശേഷിയുള്ളവരാണ് മലിനീകരണത്തിന് കൂടുതൽ സംഭാവന നൽകുന്നതെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മലിനീകരണം സൃഷ്ടിക്കുന്നതിൽ ദരിദ്രർക്ക് പങ്കില്ലെന്നും അതിന്റെ ദുരിതം അനുഭവിക്കുന്നത് അവരാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, വെള്ളിയാഴ്ച രാവിലെ എട്ടിന് ഡൽഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക (എക്യുഐ) 389 രേഖപ്പെടുത്തി. 'വളരെ മോശം' വിഭാഗത്തിലാണിത്. ഐ.ഐ.ടി ഡൽഹി, രോഹിണി എന്നിവിടങ്ങളിൽ 474 ആയിരുന്നു. പഞ്ചാബി ബാഗിൽ 465, ആർ.കെ. പുരത്ത് 443, ഐടിഒയിൽ 422 എന്നിങ്ങനെയും രേഖപ്പെടുത്തി. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഗ്രാപ് രണ്ടാംഘട്ട നടപടികൾ പ്രകാരം ഇന്ത്യാ ഗേറ്റിന് സമീപം വെള്ളം തളിക്കുന്ന പ്രവർത്തനങ്ങളും അധികൃതർ നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CJI’s quip as Supreme Court takes up air pollution crisis, flags vehicular emission
Next Story