Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞങ്ങളുടെ സ്‌കൂളിൽ കുഴപ്പമൊന്നുമില്ല, മടങ്ങിപ്പോകൂ'; സ്കൂൾ സന്ദർശനത്തിനെത്തിയ സി.ജെ.പി നേതാക്കളെ തടഞ്ഞു

text_fields
bookmark_border
ഞങ്ങളുടെ സ്‌കൂളിൽ കുഴപ്പമൊന്നുമില്ല, മടങ്ങിപ്പോകൂ; സ്കൂൾ സന്ദർശനത്തിനെത്തിയ സി.ജെ.പി നേതാക്കളെ തടഞ്ഞു
cancel

നോയിഡ: സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് സി.ജെ.പി രാജ്യവ്യാപകമായി നടത്തുന്ന 'സ്‌കൂൾ തിക് കരോ' (സ്‌കൂളുകൾ നന്നാക്കൂ) കാമ്പയിനിടെ ഉത്തർപ്രദേശിൽ പ്രതിഷേധം. ഗ്രേറ്റർ നോയിഡയിലെ ഒരു സർക്കാർ സ്‌കൂളിൽ പരിശോധനക്കെത്തിയ സി.ജെ.പി കോ-കൺവീനർ സൗരവ് ദാസിനെയും സംഘത്തെയും ഒരു വിഭാഗം നാട്ടുകാർ തടഞ്ഞു. സ്‌കൂളിലെ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് നടക്കുന്നതെന്നും ഇവിടേക്ക് പ്രവേശിക്കേണ്ടെന്നും പറഞ്ഞാണ് സംഘത്തെ തടഞ്ഞത്.

"ഞങ്ങൾ ഇവിടെയാണ് ജീവിക്കുന്നത്. ഞങ്ങളുടെ സ്‌കൂളുകളിൽ ഒരു പ്രശ്നവുമില്ല. നിങ്ങൾക്ക് മടങ്ങാം. പരാതി പറയുന്നവർക്ക് ഇതിൽ മറ്റ് താൽപ്പര്യങ്ങളുണ്ടാകും, അല്ലെങ്കിൽ അവർ പണം വാങ്ങിയിട്ടുണ്ടാകും"- നാട്ടുകാരിലൊരാൾ സൗരവ് ദാസിനോട് കയർക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, തങ്ങളുടെ സന്ദർശനം ഭയന്ന് യു.പി സർക്കാർ സ്‌കൂളുകൾ മുൻകൂട്ടി പൂട്ടിയിടുകയാണെന്ന് സൗരവ് ദാസ് ആരോപിച്ചു. സി.ജെ.പി സംഘത്തെ യു.പി സർക്കാർ രഹസ്യമായി പിന്തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്പർ പ്ലേറ്റില്ലാത്ത ഒരു കാറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് എക്സിലായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

"വിദ്യാഭ്യാസത്തിന്റെ ക്ഷേത്രങ്ങളെന്നാണ് സ്‌കൂളുകളെ വിളിക്കുന്നത്. എന്നാൽ ഞങ്ങളുടെ സന്ദർശനം മുൻകൂട്ടിക്കണ്ട് ഗ്രേറ്റർ നോയിഡയിലെ സ്‌കൂളുകളെല്ലാം യു.പി സർക്കാർ പൂട്ടിയ നിലയിലാണ്. എന്തിനാണ് സർക്കാർ ഇത്രയധികം ഭയക്കുന്നത്? നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങളിൽ ഞങ്ങളെ പിന്തുടരാൻ സർക്കാർ എന്തിനാണ് ആളുകളെ വിടുന്നത്?"- സൗരവ് ദാസ് എക്‌സിൽ കുറിച്ചു. ദേവ്‌ല ഗ്രാമത്തിലെ സ്‌കൂളും പൂട്ടിയിട്ട നിലയിലായിരുന്നുവെന്നും, പ്രദേശത്തെ വെള്ളക്കെട്ട് കാരണം കുട്ടികൾ വള്ളത്തിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസങ്ങളിൽ ഗൗതം ബുദ്ധ നഗറിലെ സ്‌കൂളുകളിൽ സി.ജെ.പി നടത്തിയ ഓഡിറ്റ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ശുചിമുറികളടക്കമുള്ളവയുടെ ശോചനീയാവസ്ഥ ഇവർ പുറത്തുവിട്ടു. തങ്ങളുടെ പരിശോധനക്ക് പിന്നാലെ സർക്കാർ സ്‌കൂളുകൾ അടച്ചിടാൻ അധികൃതർ നിർദേശം നൽകിയതായി സി.ജെ.പി ആരോപിച്ചിരുന്നു. എന്നാൽ, ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർ രാഹുൽ പൻവാർ ഈ വാദം തള്ളി. സ്‌കൂളുകൾ സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നതെന്നും സി.ജെ.പിയുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ സി.ജെ.പി നടത്തിയ വലിയ പ്രക്ഷോഭത്തിനൊടുവിൽ മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് 15-ന് പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇവർ കാമ്പയിൻ ആരംഭിച്ചത്.

ഉത്തർപ്രദേശിന് പുറമെ പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലും സി.ജെ.പി സന്ദർശനം നടത്തിവരികയാണ്. കഴിഞ്ഞ മാസം രാജസ്ഥാനിലെ ജയ്പൂരിൽ പരിശോധനക്കെത്തിയ സി.ജെ.പി പ്രവർത്തകർക്ക് നേരെ സമാനമായ രീതിയിൽ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഒഡിഷയിലെ പാഠപുസ്തകങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി വിദ്യാർഥികൾക്കൊപ്പം സി.ജെ.പി പ്രതിഷേധിച്ചിരുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും സംഘം ഒരുപോലെ സന്ദർശനം നടത്തുന്നുണ്ട്. നിലവിൽ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിലെ വീഴ്ചകൾക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന പ്രഷർ ഗ്രൂപ്പായി സി.ജെ.പി മാറിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CJP's 'School Thik Karo' Campaign Faces Resistance in Noida
Next Story