ചെന്നൈയിൽ മേഘവിസ്ഫോടനം: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
text_fieldsചെന്നൈ: നഗരത്തിൽ ശനിയാഴ്ച രാത്രി അപ്രതീക്ഷിതമായി കനത്ത മഴ പെയ്തു. വടക്കൻ ചെന്നൈയിലെ മണലി പ്രദേശത്ത് മേഘവിസ്ഫോടനം നടന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. രാത്രി പത്ത് മുതൽ അർധരാത്രിവരെ നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്തത്. ആഗസ്റ്റ് 31ന് രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ മണലിയിൽ 27 സെന്റീമീറ്ററും വിംകോ നഗറിൽ 23 സെന്റീമീറ്ററും മഴ പെയ്തു. രാത്രി 10 മണിമുതൽ 12 വരെ മണലിയിൽ മാത്രം 106.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതാണ് മേഘവിസ്ഫോടനമായി അറിയിച്ചത്.
കനത്ത മഴ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമഗതാഗതത്തെ ബാധിച്ചു. ചെന്നൈയിൽ ഇറങ്ങേണ്ട ബംഗളൂരു, ഡൽഹി, ഫ്രാൻസ്, മംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങൾ ഞായറാഴ്ച പുലർച്ച ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. മൊത്തം 27 വിമാനങ്ങൾ വൈകി സർവിസ് നടത്തിയതിനാൽ യാത്രക്കാർ വിഷമിച്ചു. ചെന്നൈയിലെ വടപളനി, ഗിണ്ടി, കോടമ്പാക്കം, കൊളത്തൂർ, കാസിമേട്, വലസരവാക്കം, തണ്ടൈയാർപേട്ട്, പുഴൽ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കനത്ത മഴ പെയ്തു. അമ്പത്തൂർ, കൊരട്ടൂർ, കത്തിവാക്കം, തിരുവൊട്ടിയൂർ തുടങ്ങിയ പ്രാന്തപ്രദേശങ്ങളിലും മഴ പെയ്തു. പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമുള്ള ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
തമിഴ്നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ മിതമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്ക്- വടക്കുപടിഞ്ഞാറ് ഭാഗത്ത് ആരംഭിച്ച മഴ ഇപ്പോൾ തെക്കോട്ട് നീങ്ങിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.