നടുവൊടിയൻ കോച്ചുകൾക്കെതിരെ റെയിൽവേയിൽ പരാതിപ്രളയം
text_fieldsആലപ്പുഴ: റെയിൽവേ പുതുതായി ഏർപ്പെടുത്തിയ എൽ.എച്ച്.ബി കോച്ചുകളിലെ സീറ്റുകളെക്കുറിച്ച് പരാതി പ്രളയം. ഒപ്പം സമൂഹമാധ്യമങ്ങളിലും കാമ്പയിൻ. ദീർഘദൂരം ഇരുന്ന് യാത്ര ചെയ്യാൻ പറ്റാത്ത രീതിയിലാണ് എൽ.എച്ച്.ബി കോച്ചുകളിലെ സീറ്റുകൾ രൂപകൽപന ചെയ്തിരിക്കുന്നത് എന്ന പരാതി ദിനേന ഏറിവരുന്നു.ട്രെയിൻ യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കാനെന്ന പേരിൽ റെയിൽവേ ഏർപ്പെടുത്തിയതാണ് എൽ.എച്ച്.ബി കോച്ചുകൾ.
ആദ്യ ഘട്ടത്തിൽ കോട്ടയം വഴി പോകുന്ന തിരുവനന്തപുരം - കണ്ണൂർ ജൻശതാബ്ദിയിൽ മാത്രമായിരുന്ന പരിഷ്കാരം ഇപ്പോൾ കൂടുതൽ ട്രെയിനുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. അതോടെ പരാതിയും കൂടി. പിന്നിലേക്ക് ഒട്ടും ചരിവില്ലാത്തവിധം L ആകൃതിയിൽ രൂപകൽപന ചെയ്ത സീറ്റിൽ ദീർഘദൂരം ഇരുന്ന് യാത്ര ചെയ്യാനാവില്ല. കുറച്ചുനേരം ഇരിക്കുമ്പോൾ തന്നെ പുറവും നട്ടെല്ലും വേദനയെടുക്കുന്നു. പഴയ ഐ.സി.എഫ് കോച്ചുകളിലെ സീറ്റുകളെക്കാൾ വീതിയും കുറവാണ്.
ഇതേക്കുറിച്ച് റെയിൽവേയുടെ പരാതി പരിഹാര വെബ്സൈറ്റായ മദാദിലൂടെ പരാതി നൽകിയവർക്ക് ലഭിച്ച മറുപടിയാണ് വിചിത്രം. അടുത്ത അപ്ഡേഷനിൽ പ്രശ്നം പരിഹരിക്കാം എന്നാണ് മറുപടി. കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ കാലോചിത പരിഷ്കാരം ഏർപ്പെടുത്തുന്നതിൽ എന്നും കാലതാമസം കാണിക്കുന്ന റെയിൽവേ അടുത്ത അപ്ഡേഷനിൽ പരിഹരിക്കാമെന്നു പറയുന്നത് അടുത്തകാലത്തൊന്നും സംഭവിക്കാനിടയില്ലെന്ന സൂചനയാണ് നൽകുന്നത്. 2002 നവംബറിലാണ് ആലപ്പുഴ വഴി തിരുവനന്തപുരം - എറണാകുളം റൂട്ടിൽ കേരളത്തിലാദ്യമായി ജൻശതാബ്ദി സർവിസ് ആരംഭിച്ചത്. പിന്നെയും ഏഴ് വർഷം കഴിഞ്ഞാണ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടിയത്. 24 വർഷത്തിനു ശേഷമാണ് ഈ ട്രെയിനിന്‍റെ കോച്ചുകളിൽ പരിഷ്കാരം ഏർപ്പെടുത്തിയത്. അതാകട്ടെ യാത്രക്കാർക്ക് നരകയാതനയുമായി. ഏറ്റവും സുഖകരമായിരുന്ന വേണാട് എക്സ്പ്രസിലും എൽ.എച്ച്.ബി കോച്ചുകൾ ആക്കിയതോടെ സീറ്റുകളുടെ അവസ്ഥ ദുരിതമായി. 12 മണിക്കൂർ ഒറ്റയിരിപ്പിൽ യാത്ര ചെയ്യേണ്ടിവരുന്ന എറണാകുളം - ബംഗളൂരു റൂട്ടിലെ ഇന്‍റർസിറ്റി എക്സ്പ്രസിലെ യാത്രയാണ് ഏറ്റവും ഭീകരാനുഭവം.
‘ഈ സീറ്റൊക്കെ ദീർഘദൂര ട്രയിനുകൾക്ക് കൊടുക്കുന്ന ടീമുകളെ നല്ല തിരക്കുള്ള ദിവസം ഇതിലിരുത്തി എണീക്കാൻ അനുവദിക്കാതെ 10 ദിവസം തുടർച്ചയായി യാത്ര ചെയ്യിപ്പിക്കണം’ എന്നുവരെ അഭിപ്രായപ്പെടുന്നുണ്ട് യാത്രക്കാർ. ഈ ട്രെയിനുകളിൽ യാത്ര ചെയ്തവർ പി.എൻ.ആർ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് റെയിൽവേയുടെ മദാദിൽ പരാതിപ്പെടണമെന്ന ആഹ്വാനവുമായാണ് സമൂഹമാധ്യമങ്ങളിൽ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

