മുന്നോട്ടുള്ള ഏകവഴി കൂട്ടായ നേതൃത്വം -സചിൻ പൈലറ്റ്
text_fieldsന്യൂഡൽഹി: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയത്തിൽ എത്തിക്കുകയെന്ന പൊതുലക്ഷ്യത്തിൽ ഹൈകമാൻഡിന്റെ ഉപദേശം സ്വീകരിച്ച് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനൊപ്പം കൂട്ടായ പ്രവർത്തനം നടത്തുമെന്ന് യുവനേതാവ് സചിൻ പൈലറ്റ്.
ഗെഹ് ലോട്ട്-സചിൻ വെടിനിർത്തൽ ധാരണ ഉണ്ടായ കഴിഞ്ഞ ദിവസത്തെ നേതൃയോഗത്തിനു പിന്നാലെയാണ് അദ്ദേഹം നിലപാട് വിശദീകരിച്ചത്. ഗെഹ് ലോട്ടുമായുള്ള പോര് അവസാനിപ്പിച്ചു. കൂട്ടായ നേതൃത്വമാണ് തെരഞ്ഞെടുപ്പിലേക്ക് പോകാനുള്ള ഏക വഴി. ക്ഷമിച്ചും മറന്നും മുന്നോട്ടുപോകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉപദേശിച്ചു -സചിൻ പറഞ്ഞു. തന്നേക്കാൾ മുതിർന്ന നേതാവാണ് ഗെഹ് ലോട്ട്. കൂടുതൽ പരിചയമുണ്ട്. ഭാരിച്ച ഉത്തരവാദിത്തങ്ങളുമുണ്ട്. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാൻ അദ്ദേഹം ശ്രമിക്കുന്നു. വ്യക്തിയേക്കാൾ പാർട്ടിയും ജനവുമാണ് പ്രധാനം. ഇക്കാര്യം തനിക്കും അദ്ദേഹത്തിനും അറിയാം. അതേസമയം, രാജസ്ഥാനാണ് തന്റെ ഹൃദയം.
കടന്നുപോകുന്ന സമയം തിരിച്ചുവരില്ലെന്നും ഭാവി കണക്കിലെടുക്കണമെന്നും ഖാർഗെ ഉപദേശിച്ചു. കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. വ്യക്തികളോ അവരുടെ മുൻകാല പ്രസ്താവനകളോ അല്ല വിഷയം. കഴിഞ്ഞതെല്ലാം കഴിഞ്ഞു. തർക്കത്തിനിടയിൽ പറഞ്ഞത് ഓർത്തുകൊണ്ടേയിരിക്കുന്നതിൽ അർഥമില്ല. മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കുക പതിവില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കോൺഗ്രസ് അതുതന്നെയാണ് ചെയ്തത്. തെരഞ്ഞെടുക്കപ്പെടുന്ന എം.എൽ.എമാരാണ് സർക്കാറിനെ നയിക്കേണ്ടതാരെന്ന് തീരുമാനിക്കുന്നത്.സ്ഥാനാർഥിനിർണയത്തിൽ ഗ്രൂപ്പല്ല, ജയസാധ്യതയാണ് ഏക മാനദണ്ഡം. ഭരണവിരുദ്ധ വികാരത്തിന്റെ പ്രവണതകൾ മറികടക്കുകയാണ് ഇപ്പോഴത്തെ വെല്ലുവിളി. 25 വർഷമായി രാജസ്ഥാനിൽ അത് ഉണ്ടാകാറുണ്ട്. തെരഞ്ഞെടുപ്പ് ജയിക്കാൻ ഒരു വ്യക്തിക്ക് മാത്രമായി മാന്ത്രിക വിദ്യയൊന്നും കാണിക്കാനാവില്ല. കൂട്ടായ ശ്രമമാണ് വേണ്ടതെന്നും സചിൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.