സമൂഹവ്യാപനമുണ്ട്; ഐ.സി.എം.ആർ പഠനം തള്ളി വിദഗ്ധർ
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് സമൂഹവ്യാപനമില്ല എന്ന ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ) സർവേ തള്ളി വിദഗ്ധർ. വിവിധ പ്രദേശങ്ങളിൽ സമൂഹവ്യാപനമുണ്ടെന്നും 83 ജില്ലകളിലെ 26,400 പേരിൽ നടത്തിയ സീറോ സർവേ ഫലം വസ്തുനിഷ്ഠമല്ലെന്നുമാണ് വൈറോളജി, പൊതുജനാരോഗ്യ, വൈദ്യശാസ്ത്ര മേഖലയിലെ വിദഗ്ധരുടെ വിമർശനം.
ജനങ്ങളെ ജാഗ്രതയിൽ നിർത്താൻ സമൂഹവ്യാപനമുണ്ടെന്ന കാര്യം സർക്കാർ സമ്മതിക്കണമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മുൻ ഡയറക്ടർ ഡോ. എം.സി. മിശ്ര പറഞ്ഞു. ലോക്ഡൗൺ ഇളവിൽ ആളുകൾ കൂട്ടമായി പുറത്തിറങ്ങിയതോടെ ഇതുവരെ വ്യാപിക്കാത്തയിടങ്ങളിലേക്കുകൂടി രോഗം പടർന്നതായി അദ്ദേഹം പറഞ്ഞു. 26,400 പേരിൽ സർവേ നടത്തിയതുകൊണ്ട് ഇത്ര വൈവിധ്യമാർന്ന ജനസംഖ്യയുള്ള ഒരു രാജ്യത്തെ രോഗവ്യാപന തോത് അളക്കാനാകില്ല.
ആരോഗ്യമന്ത്രാലയം സമ്മതിച്ചില്ലെങ്കിലും സമൂഹവ്യാപനം നേരത്തേ തുടങ്ങിയെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ പറഞ്ഞു. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചവരിൽ 40 ശതമാനത്തിെൻറയും ഉറവിടം കണ്ടെത്താനായിട്ടില്ല എന്ന് ഐ.സി.എം.ആർതന്നെ പറയുന്നു, ഇത് സമൂഹവ്യാപനമല്ലാതെ മറ്റെന്താണ്? -അദ്ദേഹം ചോദിച്ചു.
ഐ.സി.എം.ആറിെൻറ സർവേഫലം സ്വീകരിച്ചാലും ഡൽഹി, അഹ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ സമൂഹവ്യാപനമുണ്ടെന്നത് വ്യക്തമാണെന്ന് ന്യൂഡൽഹി സർ ഗംഗ റാം ആശുപത്രിയിലെ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. അരവിന്ദ് കുമാർ പറഞ്ഞു. സർവേഫലത്തിൽ ഏപ്രിലിലെ അവസ്ഥയാണുള്ളത്. ഏപ്രിലിെല സാഹചര്യം വെച്ച് ഇപ്പോൾ സമൂഹവ്യാപനമില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.എം.ആർ പഠനം മേയ് മൂന്നാമത്തെ ആഴ്ചയാണ് നടന്നതെങ്കിലും സർവേഫലം ഏപ്രിൽ 30ലെ സാഹചര്യമാണ് സൂചിപ്പിക്കുന്നതെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. പത്തുദിവസമായി ഒരു സർക്കാറും ഡൽഹിയിൽ അടക്കം സമ്പർക്കപ്പടർച്ച പരിശോധന നടത്തുന്നില്ലെന്നും സമൂഹവ്യാപനം എന്ന യാഥാർഥ്യം അംഗീകരിക്കണമെന്നും ഫരീദബാദിലെ പ്രമുഖ ഡോക്ടർ രവിശങ്കർ ഝാ പറഞ്ഞു.
ഡൽഹിയിലോ ധാരാവിയിലോ വേണമായിരുന്നു സർവേ, രോഗവ്യാപനം രൂക്ഷമല്ലാത്ത ഇടങ്ങളിൽ നടത്തിയ സർവേ ഫലത്തിൽ കാര്യമില്ല. കോവിഡിനെതിരായ പോരാട്ടത്തിൽ സത്യത്തിനേരെ കണ്ണടക്കുക എന്നത് നയമായി സർക്കാർ സ്വീകരിച്ചിട്ടുണ്ടോ എന്ന് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ കമ്യൂണിറ്റി ഹെൽത്ത് വിഭാഗത്തിലെ അസി. പ്രഫസർ ഡോ. വികാസ് ബാജ്പേയ് പറഞ്ഞു. രോഗവ്യാപനം രൂക്ഷമായ കണ്ടെയ്ൻമെൻറ് മേഖലകളെ ഒഴിവാക്കിയുള്ള സർവേ യാഥാർഥ്യം പ്രതിഫലിപ്പിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ടെയിൻമെൻറ് മേഖല ഒഴിച്ചുള്ള ജില്ലകളിൽ നടത്തിയ സർവേയിൽ ജനസംഖ്യയിൽ ഒരു ശതമാനത്തിൽ താഴെ (0.73) പേർക്കാണ് രോഗം ബാധിച്ചതായി ഐ.സി.എം.ആർ കണ്ടെത്തിയത്. രോഗലക്ഷണമില്ലാത്തവരിലടക്കം ആൻറിബോഡി പരിശോധനയിലൂടെയായിരുന്നു സർവേ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.