മഹുവക്കെതിരായ പരാതി സഭാ സമിതിക്ക് വിട്ട് സ്പീക്കർ
text_fieldsന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണം ലോക്സഭ സ്പീക്കർ ഓം ബിർല എത്തിക്സ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. അതേസമയം, ആരോപണം ഉന്നയിച്ച ബി.ജെ.പി അംഗം നിഷികാന്ത് ദുബെ, അഭിഭാഷകൻ ജയ് ആനന്ദ്, ആരോപണം പ്രസിദ്ധീകരിച്ച 18 മാധ്യമ സ്ഥാപനങ്ങൾ എന്നിവക്കെതിരെ മഹുവ മൊയ്ത്ര ഡൽഹി ഹൈകോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തു.
ജയ് ആനന്ദ് മുന്നോട്ടുവെച്ച വാദഗതികൾ കൂടി ഒപ്പം ചേർത്താണ് മഹുവ മൊയ്ത്രക്കെതിരായ ആരോപണം സഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് നിഷികാന്ത് ദുബെ സ്പീക്കർക്ക് കത്തെഴുതിയത്. മഹുവ മൊയ്ത്ര ലോക്സഭയിൽ ഉന്നയിച്ച 61ൽ 50 ചോദ്യങ്ങളും അദാനി ഗ്രൂപ്പിനെതിരെയാണെന്നും, ചോദ്യങ്ങൾ ഉന്നയിക്കാൻ പ്രതിഫലം പറ്റിയെന്നുമാണ് നിഷികാന്ത് ദുബെയുടെ പരാതി. തൊട്ടടുത്ത ദിവസംതന്നെ വിഷയം സദാചാരസമിതിയുടെ പരിഗണനക്ക് സ്പീക്കർ വിടുകയായിരുന്നു. ബി.ജെ.പി അംഗം വിനോദ് കുമാർ സോങ്കറാണ് കമ്മിറ്റി ചെയർമാൻ.
നിഷികാന്ത് ദുബെ ഉന്നയിക്കുന്ന ചോദ്യക്കോഴ ആരോപണം വിശ്വസനീയമാണെന്ന് കരുതാത്തവരുടെ കൂട്ടത്തിൽ തൃണമൂൽ കോൺഗ്രസിന്റെ എതിരാളികളായ സി.പി.എമ്മും ഉണ്ട്. ബി.ജെ.പിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിന് മഹുവയെ ഉന്നംവെക്കുന്നതും ഇത്തരമൊരു സന്ദർഭത്തിൽ കണക്കിലെടുക്കേണ്ടതുണ്ടെന്നാണ് പശ്ചിമ ബംഗാളിലെ സി.പി.എം നേതാവ് സുജൻ ചക്രവർത്തി പ്രതികരിച്ചത്.
നിഷികാന്ത് ദുബെയുടെ ഉദ്ദേശ്യശുദ്ധിയിൽ ബിഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് സംശയം പ്രകടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസവും വിവേകവുമുള്ള വനിതയാണ് മഹുവ മൊയ്ത്ര. വ്യാജ ഡിഗ്രി അടക്കം ആരോപണം നേരിടുന്നയാളാണ് മഹുവക്കെതിരെ നീങ്ങിയത്.
എം.ബി.എയും പി.എച്ച്.ഡിയും തനിക്കുണ്ടെന്ന നിഷികാന്ത് ദുബെയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ അവകാശവാദം മഹുവ പാർലമെന്റിൽ ചോദ്യംചെയ്തിരുന്നു. അദാനി ഗ്രൂപ്പും ബി.ജെ.പിയുമായുള്ള ബന്ധവും ഉയർത്തിക്കാട്ടി. അതിൽ അസ്വസ്ഥമായി തിരിച്ചടിക്കുകയാണ് ചെയ്യുന്നതെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.