ഡൽഹിയിലെ ബംഗാളി കുടുംബത്തെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയെന്ന് പരാതി
text_fieldsന്യൂഡൽഹി: ഉപജീവനമാർഗം തേടി ഇതര സംസ്ഥാനങ്ങളിൽ എത്തുന്ന പശ്ചിമ ബംഗാൾ സ്വദേശികളിൽ നിരവധി പേരെ ബംഗ്ലാദേശ് കുടിയേറ്റക്കാരെന്ന് മുദ്രകുത്തി നാടുകടത്തുന്നതായി ആക്ഷേപം. ഗുജറാത്ത്, മുംബൈ സംസ്ഥാനങ്ങൾക്ക് പിന്നാലെ ഡൽഹിയിലും പൊലീസ്, രേഖകൾ പരിശോധിച്ച് ബി.എസ്.എഫിന് (ബോർഡർ സെക്യൂരിറ്റി ഫോഴ്സ്) കൈമാറി ബംഗ്ലാദേശിലേക്ക് തള്ളുന്നത് വ്യാപകമായിട്ടുണ്ടെന്നാണ് പരാതി.
മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത പശ്ചിമ ബംഗാൾ സ്വദേശികളായ ഏഴുപേരെ ജൂൺ 14ന് പുലർച്ച ബി.എസ്.എഫ് ബംഗ്ലാദേശ് അതിർത്തിയിൽ തള്ളിയിരുന്നു. മുർഷിദാബാദുകാരായ നാല് യുവാക്കളും ബർധമാനിൽനിന്നുള്ള ഒരാളും നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദമ്പതികളെയുമാണ് നാടുകടത്തിയത്. ഇവരെ മമത ബാനർജി സർക്കാറിന്റെ ഇടപെടലിനെത്തുടർന്ന് ബി.എസ്.എഫ് വഴി തിരികെ കൊണ്ടുവന്നു.
ഇതിനിടയിലാണ് ബംഗാളിലെ മൂന്നംഗ കുടുംബത്തെ ഡൽഹി രോഹിണിയിൽനിന്ന് പിടികൂടി ബംഗ്ലാദേശിലേക്ക് നാടുകടത്തിയെന്ന് ആരോപിച്ച് ഇവരുടെ കുടുംബാംഗങ്ങൾ രംഗത്തുവന്നത്. 20 വർഷമായി ഡൽഹിയിൽ മാലിന്യം ശേഖരിച്ച് ഉപജീവനം കണ്ടെത്തുന്ന, ബംഗാളിലെ ബീർഭും ജില്ലയിലെ ഡാനിഷ് ഷെയ്ഖ്, ഭാര്യ സുനാലി ഖാത്തൂൺ, എട്ട് വയസ്സുള്ള മകൻ എന്നിവരെയാണ് ഒടുവിൽ ബംഗ്ലദേശിലേക്ക് നാടകടത്തിയതെന്ന പരാതി ഉയരുന്നത്.
ഭൂമിയുടെ ഉൾപ്പെടെ എല്ലാ രേഖകളും ഡാനിഷ്, ഡൽഹി പൊലീസിന് നൽകിയിട്ടും പരിഗണിച്ചില്ലെന്ന് ഡൽഹിയിൽ ജോലി ചെയ്യുന്ന ഇവരുടെ ബന്ധു റോഷ്നി ബീബിയെ ഉദ്ധരിച്ച് ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തു.
എന്നാൽ, എല്ലാ രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തിയാണ് നടപടിയെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫിസ് ചോദ്യം ചെയ്യലിൽ ബംഗ്ലാദേശിലെ ബാഗർഹട്ടിൽനിന്നുള്ളവരാണ് ഇവരെന്ന് വ്യക്തമായെന്ന് ഡി.സി.പി (രോഹിണി) രാജീവ് രഞ്ജൻ പറഞ്ഞു.
എല്ലാ ദിവസവും ഇത്തരം അതിർത്തി കടത്തൽ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ബംഗാളിലെ കുടിയേറ്റ തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാനും രാജ്യസഭ എം.പിയുമായ സമീറുൽ ഇസ്ലാം പറയുന്നു. തെളിവുകൾ കാണിച്ചിട്ടും ഇത് സംഭവിച്ചു. വിഷയത്തിൽ ഉടൻ കോടതിയെ സമീപിക്കും. ബംഗാളിന് പുറത്ത് ബംഗാളി ഭാഷ സംസാരിക്കുന്നത് തെറ്റാണോ എന്നും അദ്ദേഹം ചോദിച്ചു.
സുനാലിയുടെ പിതാവ് ഭോഡു ഷെയ്ഖ് മകളെയും കുടുംബത്തെയും കാണാനില്ലെന്ന് വ്യക്തമാക്കി പൊലീസിനെ സമീപിച്ചിട്ടുണ്ട്. കൽക്കത്ത ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകാൻ കുടംബത്തെ സഹായിക്കുമെന്ന് കുടിയേറ്റ തൊഴിലാളി ക്ഷേമ ബോർഡ് അറിയിച്ചു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.