ലോക്സഭ തെരഞ്ഞെടുപ്പ്: കോൺഗ്രസ് - ആപ് സീറ്റുചർച്ച നടത്തി
text_fieldsന്യൂഡൽഹി: പഞ്ചാബിലും ഡൽഹിയിലും കോൺഗ്രസിനെ കടപുഴക്കിയ വൈരം മാറ്റിവെച്ച് ബി.ജെ.പിക്കെതിരായ പടയോട്ടത്തിൽ പരസ്പരം കൈകോർക്കാൻ കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും ഒരുക്കം. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു നീങ്ങാനും ഇതിനായി സീറ്റ് ധാരണ രൂപപ്പെടുത്താനും ഇൻഡ്യ മുന്നണിയുടെ ഭാഗമായ രണ്ടു പാർട്ടികളുടെയും നേതാക്കൾ തിങ്കളാഴ്ച ഡൽഹിയിൽ ചർച്ച നടത്തി. വിശദ ചർച്ചകൾ വൈകാതെ നടക്കും.
പഞ്ചാബിലും ഡൽഹിയിലും ബി.ജെ.പിക്കെതിരെ ഒന്നിച്ചു നീങ്ങുന്നതിന് സീറ്റ് ധാരണയുണ്ടാക്കാൻ രണ്ട് പാർട്ടി നേതൃത്വങ്ങളും അയച്ച പ്രതിനിധികളാണ് ചർച്ച നടത്തിയത്. സമാന ചിന്താഗതിക്കാരുമായി സീറ്റ് പങ്കിടൽ ചർച്ചകൾക്ക് കോൺഗ്രസ് നിയോഗിച്ച സമിതിയുടെ കൺവീനർ മുകുൾ വാസ്നിക്, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഡൽഹി പി.സി.സി അധ്യക്ഷൻ അർവീന്ദർ സിങ് ലവ്ലി, സൽമാൻ ഖുർഷിദ്, മോഹൻ പ്രകാശ്, ആം ആദ്മി പാർട്ടി നേതാക്കളായ സന്ദീപ് പഥക്, ഡൽഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരാണ് ഒന്നിച്ചിരുന്നത്.
വിശദാംശങ്ങൾ വെളിപ്പെടുത്താൻ രണ്ടു പാർട്ടികളുടെയും നേതാക്കൾ വിസമ്മതിച്ചു. നല്ലൊരു കൂടിക്കാഴ്ചയാണ് നടന്നത്. സീറ്റ് പങ്കുവെക്കൽ അടക്കം വിവിധ വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ ചർച്ച നടന്നു. അന്തിമ തീരുമാനം പിന്നീട് ഉണ്ടാകും. ബി.ജെ.പിയെ തോൽപിക്കാൻ കൃത്യമായ തയാറെടുപ്പോടെ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു നിൽക്കും. ചർച്ചയുടെ വിശദാംശങ്ങൾ ഇപ്പോൾ പറയുന്നത് ഉചിതമല്ല. അൽപംകൂടി കാത്തിരിക്കണം -മുകുൾ വാസ്നിക് വാർത്തലേഖകരോട് പറഞ്ഞു.
ആപ്പും കോൺഗ്രസും ലോക്സഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു നീങ്ങുന്നതിനോട് പഞ്ചാബിലെയും ഡൽഹിയിലെയും പ്രാദേശിക കോൺഗ്രസ് നേതാക്കൾ എതിരാണ്. ഇതിനിടയിൽ തന്നെയാണ് ചർച്ച നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.