മോദി സർക്കാറിനെതിരെ പുതിയ ആരോപണവുമായി കോൺഗ്രസ്: സെമി കണ്ടക്ടർ പദ്ധതിയിൽ സംസ്ഥാനങ്ങളോട് പക്ഷപാത സമീപനമെന്ന്
text_fieldsന്യൂഡൽഹി: സെമി കണ്ടക്ടർ നിർമാണ പദ്ധതികൾ അനുവദിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അനുകൂലമായി പെരുമാറുന്നുവെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ്. ഒഡിഷ, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ 4,600 കോടി രൂപയുടെ നാലു പുതിയ പ്ലാന്റുകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി രണ്ടു ദിവസത്തിനു ശേഷമാണിത്.
ഇരട്ട സമീപനം മൂലം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്ന് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് പദ്ധതികൾ മാറ്റാൻ കമ്പനികൾ നിർബന്ധിതരാവുന്നുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. ‘രാജ്യത്ത് 4 സെമികണ്ടക്ടർ നിർമാണ പദ്ധതികൾക്ക് മോദി സർക്കാർ പച്ചക്കൊടി കാണിച്ചിട്ടുണ്ട്. വിശദമായ ഹോം വർക്ക് ചെയ്ത ശേഷം ഒരു പ്രമുഖ സ്വകാര്യ കമ്പനി തെലങ്കാനയിലെ പദ്ധതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, ആന്ധ്രാപ്രദേശിലേക്ക് മാറ്റണമെന്ന വ്യവസ്ഥയിലാണ് ഇത് അംഗീകരിച്ചത്’ -രമേശ് ആരോപിച്ചു.
‘സമാനമായ സ്ഥലംമാറ്റങ്ങൾ നിർബന്ധിതമായി നടപ്പിലാക്കിയിട്ടുണ്ട്. നേരത്തെ രണ്ട് സെമികണ്ടക്ടർ നിർമാണ പദ്ധതികൾ അവയുടെ നിർദിഷ്ട സ്ഥലം തെലങ്കാനയിൽനിന്ന് ഗുജറാത്തിലേക്ക് മാറ്റാൻ നിർബന്ധിതരായി. അതുപോലെ, തമിഴ്‌നാടിനായി ആസൂത്രണം ചെയ്ത മറ്റൊരു ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റാമെന്ന വ്യവസ്ഥയിൽ അംഗീകാരം നേടി’.
സെമി കണ്ടക്ടർ പദ്ധതികളുടെ ഗുണഭോക്താക്കളായ ഒഡിഷയിൽ ബി.ജെ.പി സർക്കാറും ആന്ധ്രാപ്രദേശിൽ എൻ. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും പഞ്ചാബിൽ എ.എ.പിയും ഭരിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ എൻ.ഡി.എ സർക്കാറിന് ഇവരുടെ പിന്തുണ നിർണായകമാണ്. ഇനി കൂടുതൽ എന്തെങ്കിലും പറയേണ്ടതുണ്ടോ? എന്നും രമേശ് കൂട്ടിച്ചേർത്തു.
ഇന്ത്യയെ ശക്തമാക്കുന്ന സംസ്ഥാനങ്ങൾ തമ്മിലുള്ള മത്സരത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്നു. എന്നാൽ, അമ്പയർ വളരെ വ്യക്തമായി പക്ഷപാതപരമായാൽ മത്സരം ഒരു പ്രഹസനമായി മാറും.
ഇന്ത്യ സെമികണ്ടക്ടർ മിഷൻ (ഐ.എസ്.എം) ചട്ടക്കൂടിന് കീഴിലുള്ള പദ്ധതികൾക്കായുള്ള മന്ത്രിസഭയുടെ അംഗീകാരത്തിൽ യു.എസ് ടെക്നോളജി ഭീമന്മാരായ ഇന്റലിന്റെയും ലോക്ക്ഹീഡ് മാർട്ടിന്റെയും പിന്തുണയുള്ള യൂനിറ്റുകൾ ഉൾപ്പെടുന്നു. ഒഡിഷയിൽ രണ്ട് പദ്ധതികളും പഞ്ചാബിലും ആന്ധ്രാപ്രദേശിലും ഓരോ പദ്ധതികളും വരുമെന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.
ഒഡിഷ, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന നാല് സെമികണ്ടക്ടർ പ്ലാന്റുകൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയെന്നും ഒഡിഷയിലെയും ആന്ധ്രയിലെയും മുഖ്യമന്ത്രിമാർ നിർമാണം എത്രയും വേഗം ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയതായും വൈഷ്ണവ് പറഞ്ഞു. ഈ പ്ലാന്റുകളെല്ലാം രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ വാണിജ്യ കോമ്പൗണ്ട് ഫാബ്രിക്കേഷൻ സൗകര്യവും നൂതനമായ ഒരു ഗ്ലാസ് അധിഷ്ഠിത സബ്‌സ്‌ട്രേറ്റ് സെമികണ്ടക്ടർ പാക്കേജിങ് യൂനിറ്റും ഉൾക്കൊള്ളുന്ന ഈ പദ്ധതികൾ ഇന്ത്യയുടെ സെമി കണ്ടക്ടർ മേഖലയെ ഗണ്യമായി ശക്തിപ്പെടുത്തുമെന്നാണ് സർക്കാർ വാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.