ആറുലക്ഷം വരെ കാർഷികകടം എഴുതിത്തള്ളും
text_fieldsറായ്പുർ: കാർഷിക ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില കർഷകരുടെ നിയമപരമായ അവകാശമാക്കിമാറ്റുമെന്ന് കോൺഗ്രസ്. മിനിമം താങ്ങുവിലയ്ക്ക് താഴെ ഉൽപന്നം വാങ്ങുന്നത് ശിക്ഷാർഹമായ കുറ്റമാക്കും. പാർട്ടി അധികാരത്തിൽ വന്നാൽ ഒറ്റത്തവണ ആശ്വാസനടപടിയെന്ന നിലക്ക് ആറു ലക്ഷം രൂപ വരെയുള്ള കാർഷികകടങ്ങൾ എഴുതിത്തള്ളും. കാർഷികകടങ്ങളുടെ പേരിൽ കർഷകർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കില്ല. വായ്പാകുടിശ്ശിക തിരിച്ചുപിടിക്കാൻ ഒരു സാഹചര്യത്തിലും ഭൂമി ലേലംചെയ്യില്ല.
സ്വാമിനാഥൻ കമീഷൻ ശിപാർശയുടെ അടിസ്ഥാനത്തിൽ മിനിമം താങ്ങുവില നിശ്ചയിക്കണം. കാർഷികോൽപന്നത്തിന് ഉപഭോക്താവ് നൽകുന്ന വിലയുടെ പകുതിയെങ്കിലും കർഷകന് കിട്ടണം. വായ്പയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ദേശീയ കാർഷിക കടാശ്വാസ കമീഷൻ രൂപവത്കരിക്കും.
ചെറുകിട-നാമമാത്ര കർഷകർക്കും കർഷകത്തൊഴിലാളികൾക്കും കുറഞ്ഞ പ്രീമിയത്തിൽ 10 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും ആരോഗ്യ ഇൻഷുറൻസും ഏർപ്പെടുത്തും. ഛത്തിസ്ഗഢിലെ കോൺഗ്രസ് സർക്കാർ രാജീവ് ഗാന്ധി ന്യായ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഏക്കറിന് 10,000 രൂപ വരുമാനവർധനവിന് സഹായിച്ച ഈ പദ്ധതി രാജ്യവ്യാപകമാക്കും. ബി.ജെ.പി സർക്കാർ കൊണ്ടുവന്ന വിള ഇൻഷുറൻസ് പദ്ധതി കർഷകർക്ക് ഉപകാരപ്പെടുന്നില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.