നീറ്റ്: എൻ.ടി.എക്കെതിരെ വീണ്ടും കോൺഗ്രസ്, സുപ്രീംകോടതി സമിതി അന്വേഷിക്കണമെന്ന് സിബൽ
text_fieldsനീറ്റ് പുനഃപരീക്ഷ ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ സംഘടിപ്പിച്ച പ്രതിഷേധം
ന്യൂഡൽഹി: നാഷനൽ ടെസ്റ്റിങ് ഏജൻസിക്കും (എൻ.ടി.എ) ‘നീറ്റി’നുമെതിരെ വീണ്ടും കോൺഗ്രസ്. പരീക്ഷ നടത്തിപ്പുകാരായ എൻ.ടി.എയുടെ സത്യസന്ധതയെക്കുറിച്ച് ഗൗരവകരമായ ചോദ്യങ്ങളുയരുന്നതായി കോൺഗ്രസ് പറഞ്ഞു. മെഡിക്കൽ കോഴ്സ് പ്രവേശന പരീക്ഷയായ ‘നീറ്റി’ന്റെ നടത്തിപ്പിലും സംശയങ്ങളുണ്ട്. പുതിയ പാർലമെന്റ് സമിതികളുണ്ടാക്കുമ്പോൾ അവർ ഇൗ വിഷയങ്ങൾ പരിശോധിക്കുമെന്ന് കരുതുന്നു. നീറ്റിനെക്കുറിച്ച് തമിഴ്നാട് ഉയർത്തിവരുന്ന പ്രശ്നങ്ങളും പരിശോധിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ‘എക്സി’ൽ പറഞ്ഞു.
‘നീറ്റ്’ വിഷയത്തിൽ സുപ്രീംകോടതി നിയമിക്കുന്ന സമിതി അന്വേഷണം നടത്തണമെന്ന് മുൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി കപിൽ സിബൽ പറഞ്ഞു. അടുത്ത വർഷങ്ങളിൽ എങ്ങനെ പരീക്ഷ നടത്തണമെന്നതു സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളുമായി കൂടിയാലോചന വേണം. പ്രശ്നത്തിൽ പ്രധാനമന്ത്രി മോദിയുടെ മൗനം ശരിയായ നിലപാടല്ലെന്നും സിബൽ വാർത്ത ഏജൻസിയോട് പറഞ്ഞു.
വ്യവസ്ഥാപിത മാറ്റം അനിവാര്യമെന്ന് സ്റ്റാലിൻ
ചെന്നൈ: കോച്ചിങ് സെന്ററുകളും അധ്യാപകരും ചേർന്ന് നടത്തുന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഗുജറാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നീറ്റ് പരീക്ഷയിൽ വ്യവസ്ഥാപിതമായ മാറ്റത്തിന്റെ അടിയന്തര ആവശ്യകതയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ. എക്സ് പേജിലാണ് സ്റ്റാലിൻ ഇങ്ങനെ കുറിച്ചത്.
നിലവിൽ നീറ്റിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അതിന്റെ അടിസ്ഥാനപരമായ അസമത്വത്തെ ഉയർത്തിക്കാട്ടുന്നു. സാമൂഹിക നീതിക്കെതിരായതും പാവപ്പെട്ട വിദ്യാർഥികളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതുമായ നീറ്റ് പരീക്ഷ സമ്പ്രദായത്തെ സംരക്ഷിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണം. വർഷങ്ങളായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അടിച്ചമർത്തപ്പെട്ട സമൂഹത്തിലെ വിദ്യാർഥികളുടെ അവസരങ്ങളെ നീറ്റ് തടയുകയാണ്.
ഗുജറാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലൂടെ നീറ്റ് പരീക്ഷയിലെ അഴിമതിയും ക്രമക്കേടുകളുമാണ് പുറത്തായതെന്നും ഡി.എം.കെ തുടക്കം മുതലേ നീറ്റിനെതിരാണെന്നും സ്റ്റാലിൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.