‘ശശി തരൂർ എന്തിനാണ് എപ്പോഴും മോദിയുടെ രക്ഷക്കെത്തുന്നത്, ഇ.ഡിയെ ഭയമുണ്ടോ?’; രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദലിത് നേതാവ്
text_fieldsന്യൂഡൽഹി: ബി.ജെ.പി വക്താവിനെ പോലെ ശശി തരൂർ എപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷക്ക് എത്തുന്നത് എന്തിനാണെന്ന് ദലിത് ആക്ടിവിസ്റ്റും കോൺഗ്രസ് നേതാവുമായ ഡോ. ഉദിത് രാജ്. ഭയമില്ലാതെ സംസാരിക്കാൻ രാഹുൽ ഗാന്ധി ആവശ്യപ്പെടുമ്പോൾ ശശി തരൂരിന് അതിന് കഴിയാത്തത് ഇ.ഡി, സി.ബി.ഐ. ആദായ നികുതി വകുപ്പ് എന്നിവയെ ഭയമുണ്ടായിട്ടാണോ എന്നും ഉദിത് രാജ് ചോദിച്ചു.
പഹൽഗാമിലെ സുരക്ഷാ വീഴ്ച സർക്കാറിനെ പ്രതിരോധത്തിലാക്കിയ നേരത്ത് സുരക്ഷാവീഴ്ച കാര്യമാക്കേണ്ടതില്ലെന്ന് ശശി തരൂർ നടത്തിയ പ്രസ്താവനയാണ് ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലെത്തിയ ഉദിത് രാജിനെ പ്രകോപിതനാക്കിയത്. മോദി ട്രംപിനെ കണ്ടപ്പോൾ വളരെ നല്ല കൂടിക്കാഴ്ചയായിരുന്നുവെന്ന് ശശി തരൂർ പറഞ്ഞു. തരൂരിന് എന്താണ് പ്രശ്നമെന്ന് അദ്ദേഹം പറയണം. ബ്രിക്സിനെതിരെ പോലും ട്രംപ് സംസാരിച്ചു. എന്നിട്ടെന്താണ് അമേരിക്കയിൽ നിന്ന് മോദി കൊണ്ടുവന്നത്? ഒരു അവസരം കിട്ടാൻ മോദിയെ രക്ഷിക്കാൻ നോക്കുകയാണ് തരൂർ എന്ന് ഉദിത്രാജ് ആരോപിച്ചു.
താൻ ബി.ജെ.പിയുടെ വക്താവല്ലെന്നും താൻ തനിക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും തരൂർ ഉദിത് രാജിനോട് പ്രതികരിച്ചു. താൻ ബി.ജെ.പിയുടെ വക്താവല്ല. താൻ ആരുടെയും വക്താവല്ല. താൻ തനിക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും തരൂർ പറഞ്ഞു. ഉദിത് രാജ് ബി.ജെ.പിയുടെ മുൻ എം.പിയാണ്. അതിനാൽ ആരാണ് ബി.ജെ.പിക്ക് വേണ്ടി സംസാരിക്കുന്നതെന്ന് അദ്ദേഹത്തിനാണ് നന്നായറിയുകയെന്ന് തരൂർ പരിഹസിച്ചു.
എന്നാൽ താൻ ബി.ജെ.പിയിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ കോൺഗ്രസിലാണെന്നും ഉദിത് രാജ് ഇതിന് മറുപടി നൽകി. താൻ പാർട്ടിയുടെ എല്ലാ ധർണകളിലും സമരങ്ങളിലും പങ്കെടുക്കാറുണ്ട്. മോദിയെ രക്ഷിക്കാൻ നോക്കാറുമില്ല. ശശി തരൂർ എത്ര കോൺഗ്രസ് സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്? എത്ര തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്? മോദിയെ രക്ഷിക്കാൻ പുതുതായി ഓരോ മാർഗങ്ങളുണ്ടാക്കുകയാണ് തരൂർ എന്നും ഉദിത് രാജ് കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.