അമിത് ഷാ പണം വിതരണം ചെയ്തെന്ന് ആരോപണം; പരാതിയുമായി കോൺഗ്രസ്
text_fieldsമൈസൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കർണാടകയിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കോൺഗ്രസ് ആരോപണം. അസുഖ ബാധിതനായ ബി.ജെ.പി പ്രവർത്തകൻ രാജുവിന്‍റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നൽകിയെന്നാണ് കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് ദിനേശ് ഗുണ്ടുറാവുവിന്‍റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും ഗുണ്ടുറാവു മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ചു ലക്ഷം രൂപ രഹസ്യമായി ബി.ജെ.പി പ്രവർത്തകന്‍റെ മാതാവിന് കൈമാറി. ഈ വിവരം പ്രവർത്തകന്‍റെ കുടുംബം തന്നെയാണ് പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കർണാടകത്തിൽ നിയമവിരുദ്ധ പ്രവൃത്തികളാണ് അമിത് ഷാ നടത്തുന്നത്. ജനപ്രാതിനിധ്യ നിയമം ലംഘിച്ച ബി.ജെ.പി അധ്യക്ഷൻ കർണാടകത്തിൽ പ്രവേശിക്കുന്നത് വിലക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുമെന്നും ഗുണ്ടുറാവു വ്യക്തമാക്കി.
അതിനിടെ, മൈസൂരിൽ ബി.ജെ.പി സംഘടിപ്പിച്ച ദലിത് നേതാക്കളുടെ യോഗത്തിൽ അമിത് ഷാക്കെതിരെ വിമർശനം ഉയർന്നു. ഇന്ത്യൻ ഭരണഘടന തിരുത്തി എഴുതണമെന്ന് ആവശ്യപ്പെട്ട കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെയെ പുറത്താക്കാത്തത് എന്തു കൊണ്ടെന്ന് ദലിത് നേതാക്കൾ ചോദിച്ചു. മന്ത്രിയുടെ വിവാദ പ്രസ്താവന പാർട്ടി അംഗീകരിക്കുന്നില്ലെന്ന് അമിത് ഷാ യോഗത്തിൽ പ്രസ്താവിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.