തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്: ഡി.എം.കെയുമായി ചർച്ചക്ക് പാനൽ രൂപവത്കരിച്ച് കോൺഗ്രസ്
text_fieldsപ്രതീകാത്മക ചിത്രം
ചെന്നൈ: 2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എം.കെയുമായി സീറ്റ് വിഭജന ചർച്ചകൾക്കായി പാനൽ രൂപവത്കരിച്ച് കോൺഗ്രസ് ഹൈകമാൻഡ്. ഇതിനായി നിയോഗിക്കപ്പെട്ട അഞ്ചംഗ പ്രതിനിധി സംഘത്തിന് തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും പാർട്ടി ചുമതലയുള്ള ഗിരീഷ് ചോഡങ്കറാണ് നേതൃത്വം നൽകുക.
ചോഡങ്കറിന് പുറമെ നേതാക്കളായ സൂരജ് ഹെഗ്‌ഡെ, നിവേദിത് ആൽവ, തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി (ടി.എൻ.സി.സി) പ്രസിഡന്റ് കെ. സെൽവപെരുന്തഗൈ, കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് എസ്. രാജേഷ്കുമാർ എന്നിവരാണ് കമ്മറ്റിയിലെ മറ്റ് അംഗങ്ങൾ.
ചർച്ചകൾക്ക് ഔദ്യോഗികമായി തുടക്കമിടുന്നതിന്റെ ഭാഗമായി കമ്മറ്റി വരുംദിവസങ്ങളിൽ ഡി.എം.കെ പ്രസിഡന്റും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
നേതൃത്വത്തിന്റെ തീരുമാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം സ്വാഗതം ചെയ്തു. നീക്കം സഖ്യത്തെക്കുറിച്ചുള്ള അനാവശ്യമായ കിംവദന്തികൾ അവസാനിപ്പിക്കുമെന്നും ഇൻഡ്യ സഖ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുമെന്നും ചിദംബരം പറഞ്ഞു.
കരൂർ ദുരന്തത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ടി.വി.കെ അധ്യക്ഷൻ വിജയുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ, തമിഴ്നാട്ടിൽ കോൺഗ്രസ്- ടി.വി.കെ സഖ്യസാധ്യതയെ ചുറ്റിപ്പറ്റി ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെയാണ് പ്രഖ്യാപനം വരുന്നത്.
ഡി.എം.കെ സഖ്യത്തിൽ കോൺഗ്രസ് ഉറച്ചുനിൽക്കുന്നുവെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നേരത്തെ സൂചിപ്പിച്ചിരുന്നു. ശ്രീപെരുമ്പുത്തൂരിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ കെ. സെൽവപെരുന്തഗൈയുമായി അടുത്തിടെ വേദി പങ്കിട്ടതിന് പിന്നാലെ സഖ്യസാധ്യത വീണ്ടും സ്റ്റാലിൻ പരാമർശിച്ചു. ‘കോൺഗ്രസും ഡി.എം.കെയും സഖ്യത്തിലാണ്. ഉദയനിധി അസ്വസ്ഥനാണെന്നോ സെൽവപെരുന്തഗൈ ഇല്ലെന്നോ എഴുതാൻ മാധ്യമങ്ങൾ കാത്തിരുന്നേക്കാം, പക്ഷേ അത് സംഭവിക്കില്ല,’ എന്നായിരുന്നു സ്റ്റാലിന്റെ വാക്കുകൾ.
2019, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഡി.എം.കെയുമായി സഖ്യത്തിലാണ് കോൺഗ്രസ് മത്സരിച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ച 25 സീറ്റുകളിൽ 18 എണ്ണത്തിലും വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

