75-ാം ജന്മദിനത്തിൽ മോഹൻ ഭാഗവതിന് മോദിയുടെ വാഴ്ത്ത്; പരിഹസിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനെ അദ്ദേഹത്തിന്റെ എഴുപത്തിയഞ്ചാം ജന്മദിന വേളയിൽ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലേഖനം. 75-ാം വയസ്സിൽ എൽ.കെ. അദ്വാനി, മുരളീ മനോഹർ ജോഷി എന്നിവരടക്കമുള്ള മുതിർന്ന നേതാക്കൾക്ക് റിട്ടയർമെന്റ് വിധിച്ച ശേഷം 75 വയസ്സ് തികയുന്ന മോദി അതേ പ്രായമെത്തിയ മോഹൻ ഭഗവതിനെ വാഴ്ത്തിയതിനെ പരിഹസിച്ച് കോൺഗ്രസ് രംഗത്തുവരികയും ചെയ്തു.
‘വസുധൈവ കുടുംബക’ത്തിന്റെ ജീവിക്കുന്ന ഉദാഹരണമായ മോഹൻ ഭാഗവതിന് ഭാരതമാതാവിനെ സേവിക്കുന്നതിന് ദീർഘായുസ്സും ആരോഗ്യസമൃദ്ധമായ ജീവിതവും ആശംസിക്കുന്ന ലേഖനം പ്രത്യയശാസ്ത്രത്തിൽ വിട്ടുവീഴ്ച ചെയ്യാതെ, സമൂഹത്തിന്റെ വികസിച്ചുവരുന്ന ആവശ്യങ്ങൾ അഭിസംബോധന ചെയ്ത് അദ്ദേഹം സംഘടനയെ നയിച്ചുവെന്ന് പുകഴ്ത്തുന്നു. ‘മലയാള മനോരമ’യടക്കം ഏതാനും പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആർ.എസ്.എസിന്റെ 100 വർഷത്തെ യാത്രയിലെ ഏറ്റവും പരിവർത്തനാത്മക കാലഘട്ടമായി ഭാഗവതിന്റെ കാലം കണക്കാക്കപ്പെടുമെന്നും മോദി പറയുന്നു.
എന്നാൽ, 75 വയസ്സായപ്പോൾ അദ്വാനിക്കും മുരളീ മനോഹർ ജോഷിക്കും വിശ്രമ ജീവിതം വിധിച്ച നരേന്ദ്ര മോദി മോഹൻ ഭഗവതിന് 75 വയസ്സായപ്പോൾ കവിതയെഴുതുകയാണെന്ന് കോൺഗ്രസ് നേതാവും ലോക്സഭയിൽ പാർട്ടി വിപ്പുമായ മണികം ടാഗോർ പരിഹസിച്ചു. സ്വാമി വിവേകാനന്ദന്റെ ഷികാഗോ പ്രസംഗത്തെക്കുറിച്ചും 2011 സെപ്റ്റംബർ 11ലെ അമേരിക്കയിൽ നടന്ന അൽഖാഇദ ഭീകരാക്രമണത്തെക്കുറിച്ചും പരാമർശിച്ച പ്രധാനമന്ത്രി 1906 സെപ്റ്റംബറിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ആദ്യമായി സത്യഗ്രഹ സമരത്തിന് ആഹ്വാനം ചെയ്ത കാര്യം മറന്നെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി. സത്യവുമായി ഒരിക്കലും ഒത്തുപോകാത്തതുകൊണ്ടാണ് പ്രധാനമന്ത്രി ഗാന്ധിജിയുടെ സത്യഗ്രഹത്തെ ഓർക്കാതിരുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.