‘ഭീരുക്കളാണെന്ന് വീണ്ടും തെളിയിച്ചു...’; അമിത് ഷായെ പരിഹസിച്ച് ജയറാം രമേശ്; രാഹുൽ ഓടിയൊളിക്കുകയാണെന്ന് കിരൺ റിജിജു
text_fieldsന്യൂഡൽഹി: ലോക്സഭയിൽ ഹാജരാകാത്ത കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ഭീഷണിപ്പെടുത്തുന്നവർ യഥാർഥത്തിൽ ഭീരുക്കളാണെന്ന് വീണ്ടും തെളിയിച്ചതായി അദ്ദേഹം എക്സിൽ പ്രതികരിച്ചു.
‘മാധ്യമങ്ങളിൽ വാർത്തകൾ നൽകി ശ്രദ്ധ തിരിക്കാൻ നടത്തിയ തീവ്രശ്രമങ്ങൾക്കൊടുവിലും, കേന്ദ്ര ആഭ്യന്തര മന്ത്രി ഇന്നും ലോക്സഭയിൽ എത്തിയില്ല. ഭീഷണിപ്പെടുത്തുന്നവർ യഥാർഥത്തിൽ ഭീരുക്കളാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. കഴിഞ്ഞ 17 ദിവസമായി അമിത് ഷാ ലോക്സഭയിലും രാജ്യസഭയിലും ഹാജരായില്ല, ഇതൊരു അസാധാരണ കാര്യമാണ്. സ്വാഭാവികമായും ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്: അദ്ദേഹത്തിന് സുഖമാണോ? സർക്കാരിലെ ഒന്ന്, രണ്ട് സ്ഥാനങ്ങളിലുള്ളവർ തമ്മിൽ എല്ലാം ശരിയാണോ? രാജ്യം അറിയാൻ ആഗ്രഹിക്കുന്നു’ -ജയറാം രമേശ് കുറിച്ചു.
അമിത് ഷാ ചൊവ്വാഴ്ചയും പാർലമെന്റിന്റെ ഇരുസഭകളിലുമെത്തിയില്ല. വിദ്യാർഥികൾക്കുനേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിൽ അമിത്ഷായുടെ മറുപടി പോരെന്നും പ്രധാനമന്ത്രിയുടെ മാപ്പുകൂടി വേണമെന്നും ആവശ്യം കടുപ്പിച്ച് പ്രതിപക്ഷം ഇരുസഭകളും സ്തംഭിപ്പിച്ചു. വർഷകാല സമ്മേളനം അവസാനിക്കുംമുമ്പ് അമിത് ഷാ സഭയിൽ വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം, ഉന്നയിച്ച ചോദ്യങ്ങൾക്ക് അമിത് ഷാ മറുപടി പറയാൻ തയാറായിട്ടും രാഹുൽ ഓടിയൊളിക്കുകയാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തി. മറുപടി പറയാൻ അമിത് ഷാ തയാറായ സ്ഥിതിക്ക് സഭയിൽനിന്ന് ആ ചർച്ചയിൽ പങ്കെടുക്കുകയാണ് രാഹുൽ വേണ്ടതെന്നും അദ്ദേഹം തുടർന്നു.
വിദ്യാർഥികളുടെ പ്രശ്നങ്ങളും പൊലീസ് നടപടിയും സംബന്ധിച്ച് ചർച്ച നടത്താനും അമിത് ഷാ മറുപടി നൽകാനും സർക്കാർ തിങ്കളാഴ്ച തയാറാണെന്ന് അറിയിച്ചിരുന്നു. എന്നാൽ ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമങ്ങളിലും അയോധ്യയിലെ രാമക്ഷേത്രക്കൊള്ളയിലും കൃത്യമായ മറുപടി വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ചൊവ്വാഴ്ച അമിത് ഷാ അവതരിപ്പിക്കുമെന്ന് ലോക്സഭയുടെ അജണ്ടയിൽ കാണിച്ച രണ്ട് ബില്ലുകളും സഹമന്ത്രിമാരാണ് സഭയിൽ വെച്ചത്. പ്രതിഷേധത്തെ തുടർന്ന് സ്തംഭിച്ച സഭ ഉച്ചക്ക് രണ്ടോടെ വീണ്ടും ചേർന്നപ്പോൾ കേരളത്തിന്റെ പേര് ‘കേരളം’എന്നാക്കുന്ന ബിൽ സഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് വെച്ചു. ചർച്ചയില്ലാതെ ശബ്ദവോട്ടോടെ ബില്ല് പാസാക്കി.
അമിത് ഷാ അവതരിപ്പിക്കുമെന്ന് പറഞ്ഞ മറ്റൊരു ബില്ലായ ദേശീയ സഹകരണ വികസന കോർപറേഷൻ ഭേദഗതി സഹകരണ സഹമന്ത്രി മുരളീധർ മോഹോലാണ് സഭയുടെ പരിഗണനക്ക് വെച്ചത്. തിങ്കളാഴ്ച ലോക്സഭ പാസാക്കിയ ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ രാജ്യസഭ ശബ്ദവോട്ടോടെ അതും പാസാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

