പാർലമെന്റ് സമ്മേളനം: കച്ചമുറുക്കി കോൺഗ്രസ്; പഹൽഗാം സുരക്ഷ വീഴ്ചയും ട്രംപിന്റെ ഇടപെടലും ചർച്ചയാക്കും
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് കാരണമായ സുരക്ഷ വീഴ്ച, ഇന്ത്യ-പാക് വെടിനിർത്തലിൽ ട്രംപിന്റെ ഇടപെടൽ തുടങ്ങിയ വിഷയങ്ങളിൽ വർഷകാല പാർലമെന്റ് സമ്മേളനം പ്രക്ഷുബ്ധമാകും.
ഈ വിഷയങ്ങളിൽ സർക്കാറിൽനിന്നും ഉത്തരം തേടുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. ബിഹാർ വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവും കോൺഗ്രസ് ഉയർത്തിക്കാട്ടും. ജൂലൈ 21നാണ് പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട അജണ്ടകളും തന്ത്രങ്ങളും ചർച്ച ചെയ്തു.
ദേശീയ ആശങ്കകൾ സർക്കാറിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാൻ പാർലമെന്‍ററി പാർട്ടി യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ടെന്ന് യോഗത്തിനു ശേഷം കോൺഗ്രസ് രാജ്യസഭ ഉപനേതാവ് പ്രമോദ് തിവാരി പറഞ്ഞു. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണം നടന്നിട്ട് മൂന്നു മാസത്തിലേറെയായിട്ടും കുറ്റവാളികളെ കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. തീവ്രവാദികൾ എവിടെയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദം സർക്കാർ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്‌തിട്ടില്ല, അത്തരം കാര്യങ്ങളിൽ മൗനം പാലിക്കുന്നത് സംശയം ജനിപ്പിക്കുന്നു. ഈ വിഷയങ്ങളിൽ കോൺഗ്രസ് പാർലമെൻറിൽ ഉത്തരങ്ങൾ ആവശ്യപ്പെടും. മഹാരാഷ്ട്ര, ഹരിയാന, ബിഹാർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് വിവാദങ്ങളും, ജമ്മു-കശ്‌മീരിന് പൂർണ സംസ്ഥാന പദവി നല്‍കുന്നത് സംബന്ധിച്ചും ഉന്നയിക്കുമെന്നും പ്രമോദ് തിവാരി വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. പാർലമെന്റിലെ പ്രശ്‌നാധിഷ്‌ഠിത ഇടപെടൽ ഏകോപിപ്പിക്കുന്നതിന് ഇൻഡ്യ മുന്നണിയും യോഗം ചേരും.
ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി: മോദിക്ക് കത്തയച്ച് ഖാർഗെയും രാഹുലും
ന്യൂഡൽഹി: ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി മുഴുവനായും പുനഃസ്ഥാപിക്കുന്നതിന് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇരുസഭകളുടെയും പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്ര ഭരണപ്രദേശമായ ലഡാക്ക് ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ നിയമം കൊണ്ടുവരണമെന്നും ഇരുവരും സംയുക്തമായെഴുതിയ കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചുവർഷമായി ജമ്മു-കശ്മീർ ജനത പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ന്യായമായ ആവശ്യമാണ്. ഇതിന് അവർക്ക് ഭരണഘടനപരമായ അവകാശവുമുണ്ട്. പദവി പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി തന്നെ ഒന്നിലധികം തവണ പറഞ്ഞതുമാണെന്ന് കത്തിൽ തുടർന്നു.
ഗുവാഹത്തി ചായ്‌ഗാവിൽ നടന്ന പാർട്ടി പ്രവർത്തക യോഗത്തിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിക്കൊപ്പം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.