‘വോട്ടുചോരി’ വിഡിയോ പുറത്തിറക്കി കോൺഗ്രസ്
text_fieldsമല്ലികാർജുൻ ഖാർഗെ
ന്യൂഡല്‍ഹി: വോട്ടുകൊള്ളയെ പരിഹസിക്കുന്ന വിഡിയോ പുറത്തിറക്കി കോൺഗ്രസ്. ‘വോട്ടു ചോരി’ എന്ന പേരിൽ നടക്കുന്ന കാമ്പയിന്റെ ഭാഗമായി 55 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ കോൺഗ്രസ് ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് പുറത്തുവിട്ടത്. വോട്ടർമാർ തങ്ങളുടെ വോട്ട് ചെയ്യാനെത്തുമ്പോള്‍ മറ്റുചിലർ വോട്ട് ചെയ്ത് മടങ്ങുന്നതും കള്ളവോട്ട് ചെയ്തവർക്ക് പോളിങ് ഉദ്യോഗസ്ഥന്റെ പിന്തുണ ലഭിക്കുന്നതുമാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്.
‘നിങ്ങളുടെ വോട്ടവകാശം കവർന്നെടുക്കാൻ അനുവദിക്കരുത്, ചോദ്യങ്ങൾ ചോദിക്കുക, ഉത്തരങ്ങൾ ആവശ്യപ്പെടുക. വോട്ട് ചോരിക്കെതിരെ ശബ്ദമുയർത്തുക’ എന്ന തലക്കെട്ട് നൽകിയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സമൂഹ മാധ്യമത്തിൽ വിഡിയോ പങ്കുവെച്ചത്.
വോട്ടുകൊള്ളക്കെതിരെ ജനങ്ങൾ ശബ്ദമുയർത്തണമെന്നും ഭരണഘടനാ സ്ഥാപനങ്ങളെ ബി.ജെ.പിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കണമെന്നും വോട്ടുചോരി വിഡിയോ പങ്കുവെച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു. നിങ്ങളുടെ വോട്ട് മോഷ്ടിക്കപ്പെടുന്നത് നിങ്ങളുടെ അവകാശം മോഷ്ടിക്കപ്പെടുന്നതിന് തുല്യമാണെന്ന് വിഡിയോ പങ്കുവെച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ കുറിച്ചു.
കർണാടകയിലെ വോട്ടുകൊള്ള ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷനെതിരെയുള്ള ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാർത്തസമ്മേളനത്തിനുപിന്നാലെ വോട്ടുകൊള്ളക്കെതിരെ കാമ്പയിൻ ആരംഭിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പിന്തുണ അറിയിക്കാൻ വോട്ടുചോരി എന്ന വെബ്‌സൈറ്റ് നിര്‍മിച്ചതിന് പിന്നാലെയാണ് പ്രചാരണ വിഡിയോയും പുറത്തിറക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.