‘വ്യാളി’ക്കു മുന്നിൽ ‘ആന’യുടെ കീഴടങ്ങലല്ലാതെ മറ്റെന്താണിത്’; മോദി-ഷി ജിൻപിങ് ചർച്ചകളിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയോട് ‘ഭീരുത്വം’ പ്രകടിപ്പിച്ചതായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഓപ്പറേഷൻ സിന്ദൂറിനിടെ ചൈനയുടെ പാകിസ്താനുമായുള്ള പങ്കാളിത്തത്തെക്കുറിച്ചുള്ള മോദിയുടെ മൗനത്തെ ജയറാം രമേശ് ചോദ്യം ചെയ്തു. സർക്കാർ ഭീരുത്വം കാണിക്കുകയും ‘ഡ്രാഗണി’ന്റെ മുന്നിൽ കീഴടങ്ങുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
‘വളരെക്കാലമായി ഇന്ത്യ ഭീകരതയുമായി ബന്ധപ്പെട്ട വിഷയത്തിൽ ‘ഇരട്ടത്താപ്പും’ ‘ഇരട്ടവാക്കും’ എന്ന് ചൈനയെ കുറ്റപ്പെടുത്തുന്നു. ഇപ്പോൾ പ്രധാനമന്ത്രി മോദി പ്രസിഡന്റ് ഷി ജിൻപിങ്ങിനോട് ഇന്ത്യയും ചൈനയും ഭീകരതയുടെ ഇരകളാണെന്ന് പറയുന്നു. ഇത് ‘ഡ്രാഗൺ’ എന്ന് വിളിക്കപ്പെടുന്നതിന്റെ മുന്നിൽ ‘ആന’യുടെ കീഴടങ്ങൽ അല്ലെങ്കിൽ മറ്റെന്താണ്?
ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താനുമായുള്ള ചൈനയുടെ ‘ജുഗൽബന്ദി’യെക്കുറിച്ച് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള സംഭാഷണത്തിൽ പ്രധാനമന്ത്രി മോദി പൂർണമായും മൗനം പാലിച്ചു എന്നത് കൊടിയ ദേശവിരുദ്ധതയാണ്. ഇന്ത്യൻ സൈനിക ഉന്നത ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തിയ കാര്യമാണിത്’.
‘56 ഇഞ്ച് നെഞ്ചളവുള്ള സ്വയം പ്രഖ്യാപിത നേതാവ് ഇപ്പോൾ പൂർണമായും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. 2020 ജൂൺ 19ന് ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകി അദ്ദേഹം ദേശീയ താൽപര്യത്തെ വഞ്ചിച്ചു. 2025 ഓഗസ്റ്റ് 31 ടിയാൻജിനിൽ തന്റെ ഭീരുത്വം നിറഞ്ഞ പ്രഹസനത്തിന്റെ കുപ്രസിദ്ധിയുടെ ദിവസമായി മാറും’ - ജയറാം രമേശ് ‘എക്സി’ൽ പേസ്റ്റ് ചെയ്തു.
ആഗോള വാണിജ്യം സുസ്ഥിരമാക്കാൻ സഹായിക്കുന്നതിന് വ്യാപാര, നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കുമെന്ന് ഇന്ത്യയും ചൈനയും പ്രതിജ്ഞയെടുത്തതിന്റെ ഒരു ദിവസത്തിനു ശേഷമാണ് ശക്തമായ വിമർശനം ഉയർന്നത്.
ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാനും തീവ്രവാദവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും അതിർത്തി പ്രശ്നത്തിന്റെ ‘ന്യായമായ’ പരിഹാരത്തിനായി പ്രവർത്തിക്കാനും മോദിയും ഷിയും അവരുടെ കൂടിക്കാഴ്ചയിൽ സമ്മതിച്ചു. ഇന്ത്യയും ചൈനയും വികസന പങ്കാളികളാണെന്നും എതിരാളികളല്ലെന്നും നേതാക്കൾ വീണ്ടും ഉറപ്പിച്ചു പറഞ്ഞതായും അവരുടെ അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറാൻ അനുവദിക്കരുതെന്നും ഊന്നിപ്പറഞ്ഞതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതിർത്തി കടന്നുള്ള ഭീകരതയുടെ വിഷയം മോദി ഉന്നയിച്ചതായും ഈ ഭീഷണിയെ ചെറുക്കുന്നതിന് പരസ്പര പിന്തുണ ആവശ്യപ്പെട്ടതായും ഇന്ത്യയെയും ചൈനയെയും ഇത് ബാധിച്ചിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.