സാമ്പത്തിക പ്രതിസന്ധി: പാർട്ടി പ്രവർത്തനത്തിന് പ്രതിവർഷം 50,000 രൂപ സംഭാവന നൽകാൻ എം.പിമാരോട് ആവശ്യപ്പെട്ട് കോൺഗ്രസ്
text_fieldsന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസ് ചെലവു ചുരുക്കൽ നടപടികളിലേക്ക്. ഭരണം മൂന്നു സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയിരിക്കേ, പാർട്ടി പ്രവർത്തനത്തിന് പ്രതിവർഷം 50,000 രൂപ സംഭാവന നൽകാൻ എം.പിമാരോട് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുമുണ്ട്. സെക്രട്ടറിമാരും ജനറൽ സെക്രട്ടറിമാരും ചെലവു ചുരുക്കണം.
ഓരോ രൂപയും ലാഭിക്കാനുള്ള ശ്രമമാണ് വേണ്ടതെന്ന നിർദേശമാണ് എ.ഐ.സി.സി ട്രഷറർ പവൻ ബൻസാൽ മുന്നോട്ടു വെക്കുന്നത്. യാത്ര കഴിവതും ട്രെയിനിലാക്കണം. നിവൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റെടുക്കണം. 1400 കിലോമീറ്റർ വരെയാണ് യാത്രയെങ്കിൽ ട്രെയിൻ ടിക്കറ്റ് എ.ഐ.സി.സി നൽകും. അതിനു മുകളിലാണ് ദൂരമെങ്കിൽ ഏറ്റവും കുറഞ്ഞ വിമാന ടിക്കറ്റ് നൽകും.
ഭക്ഷണം, സ്റ്റേഷനറി ഇനങ്ങൾ, വൈദ്യൂതി, ഇന്ധനം, ആനുകാലികങ്ങൾ തുടങ്ങിയവക്ക് എ.ഐ.സി.സി ഭാരവാഹികർ ചെലവു കുറക്കണം. പാർട്ടിക്കൂറ് കാട്ടുന്ന രണ്ടു പേരിൽ നിന്നെങ്കിലും പ്രതിവർഷം 4000 രൂപ വീതം സംഭാവന പിരിച്ചു നൽകാനും എം.പിമാരോട് നിർദേശിച്ചിട്ടുണ്ട്. ഇലക്ടറൽ ബോണ്ടിൽ നിന്നുള്ള വരുമാനത്തിൽ വലിയ ഇടിവാണ് കോൺഗ്രസിന് ഉണ്ടായിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.