നീതിക്കായി പോരാട്ടത്തിന് കോൺഗ്രസ്
text_fieldsഅഹ്മദാബാദ്: ബി.ജെ.പി ഭരണത്തിൽ കടുത്ത അനീതി വാഴുമ്പോൾ നീതിക്കായുള്ള പോരാട്ടത്തിന് ‘ന്യായ് പഥ’ത്തിലിറങ്ങുകയാണെന്ന് അഹ്മദാബാദ് എ.ഐ.സി.സി സമ്മേളന പ്രമേയത്തിൽ കോൺഗ്രസ്. ഹിന്ദു- മുസ്ലിം ഭിന്നതയുണ്ടാക്കാനും ദക്ഷിണേന്ത്യക്കും ഉത്തരേന്ത്യക്കുമിടയിൽ വിയോജിപ്പുണ്ടാക്കാനും മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുമുള്ള നടപടികളാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പ്രമേയം കുറ്റപ്പെടുത്തി.
മതപരിവർത്തന നിരോധന നിയമങ്ങളും വഖഫ് ഭേദഗതി നിയമവും ഇതിന്റെ ഭാഗമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. സർദാർ പട്ടേൽ സ്മാരകത്തിൽ നടന്ന കോൺഗ്രസ് വിശാല പ്രവർത്തക സമിതിയിൽ ചർച്ചക്ക് വെച്ച പ്രമേയം ഇന്ന് നടക്കുന്ന സമ്മേളനത്തിൽ അവതരിപ്പിക്കും.
വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം, ധ്രുവീകരണം, ഭരണകൂട ക്രൂരത എന്നിവയാൽ സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിൽ ബി.ജെ.പി സർക്കാർ ജനങ്ങളോട് അനീതി കാണിക്കുകയാണ്. നീതിക്കായുള്ള പോരാട്ടത്തിൽ ‘ജനമൊന്നിച്ചാൽ ഒരു മർദക ഭരണകൂടത്തിനും നിലനിൽപില്ലെന്ന’ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ വാക്കുകൾ പ്രമേയം ഓർമിപ്പിച്ചു.
ബി.ജെ.പിയുടെ മാതൃസംഘടനകളായ ആർ.എസ്.എസിന്റെയും ജനസംഘത്തിന്റെയും രീതികളോട് ഒത്തുപോകുന്നതല്ല ഇന്ത്യൻ ഭരണഘടന. 2000ൽ ആദ്യമായി അധികാരത്തിലേറിയപ്പോൾതന്നെ ഭരണഘടന പുനഃപരിശോധിക്കാൻ ബി.ജെ.പി സമിതിയുണ്ടാക്കി. അന്ന് കോൺഗ്രസ് നടത്തിയ പ്രക്ഷോഭത്തിലാണ് ആ നീക്കം തകിടം മറിഞ്ഞത്.
1951ൽ സുപ്രീംകോടതി സംവരണം എടുത്തുകളഞ്ഞപ്പോൾ അത് പുനഃസ്ഥാപിക്കാനാണ് ആദ്യ ഭരണഘടനാ ഭേദഗതി നെഹ്റുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്നത്. നീതിക്കായി നിശ്ചയദാർഢ്യത്തോടെ പോരാടാൻ മഹാത്മാഗാന്ധിയുടെയും സർദാർ വല്ലഭ്ഭായ് പട്ടേലിന്റെയും വിശുദ്ധ ഭൂമിയിൽനിന്ന് കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്ത പ്രവർത്തക സമിതിയിൽ പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.