ആദിവാസികൾക്ക് കോൺഗ്രസിന്റെ ഗാരന്‍റി; ജനസംഖ്യക്ക് ആനുപാതികമായ ക്ഷേമബജറ്റ്
text_fieldsന്യൂഡൽഹി: ആദിവാസികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുമെന്ന ഗാരന്‍റി മുന്നോട്ടുവെച്ച് കോൺഗ്രസ്. ആദിവാസികളുടെ അധിവാസ മേഖലയായ കാടും ഭൂമിയും വെള്ളവും സംരക്ഷിക്കും. ആദിവാസികൾ പീഡിപ്പിക്കപ്പെടുകയും അവരുടെ ഭൂമി കൈയേറുകയും അടിമവേല ചെയ്യിക്കുകയുമാണ് നടക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആദിവാസികൾക്ക് നീതി ഉറപ്പാക്കുമെന്ന ഗാരന്‍റി കോൺഗ്രസ്മുന്നോട്ടുവെക്കുകയാണ്. പാർട്ടി അധികാരത്തിൽ വന്നാൽ ആദിവാസി ജനസംഖ്യക്ക് ആനുപാതികമായ ക്ഷേമബജറ്റ് പ്രഖ്യാപിക്കും. വനാവകാശ നിയമത്തിന്‍റെ ഫലപ്രദമായ നടത്തിപ്പിന് ദേശീയ മിഷൻ രൂപവത്കരിക്കും. മിഷനു കീഴിൽ പ്രത്യേക കർമപദ്ധതി തയാറാക്കും. വനാവകാശ നിയമ പ്രകാരമുള്ള എല്ലാ കേസുകളും ഒരു വർഷത്തിനകം തീർപ്പാക്കും. മോദിസർക്കാർ വനസംരക്ഷണ-ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ വരുത്തിയ ഭേദഗതി മുഴുവൻ പിൻവലിക്കും.
ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ടുവെക്കുന്ന നാലാമത്തെ ഗാരന്‍റിയാണിത്. മറ്റു ഗാരന്‍റികൾ ഇവയാണ്: കാർഷിക വിളകൾക്കും വനവിഭവങ്ങൾക്കും മിനിമം താങ്ങുവില നിയമപരമായ അവകാശമാക്കും. ജാതി സെൻസസ് നടത്തി സാമൂഹിക നീതി ഉറപ്പാക്കും. സർക്കാർ ഒഴിവുകളിൽ സ്ഥിരനിയമനം നടത്തി യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ ലഭ്യമാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.