പാവയെവെച്ചാൽ കോൺഗ്രസ് രക്ഷപ്പെടില്ല -ചവാൻ
text_fieldsപൃഥ്വിരാജ് ചവാൻ
ന്യൂഡൽഹി: പാവയെ പ്രസിഡന്റാക്കി പിൻസീറ്റ് ഡ്രൈവിങ് നടത്താനാണ് ഭാവമെങ്കിൽ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ. രാഹുൽ ഗാന്ധിയല്ലെങ്കിൽ അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷനാവുമെന്ന റിപ്പോർട്ടുകൾ ജി 23 സംഘത്തിൽപെട്ട അദ്ദേഹം ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പിനുമുമ്പേ പ്രസിഡന്റാരെന്ന് ഉറപ്പിക്കുന്നത് ഉചിതമല്ല. തെരഞ്ഞെടുപ്പ് നടത്തുക. മത്സരിക്കാനുള്ളവർ മത്സരിക്കട്ടെ. ഒരാളെ നിശ്ചയിച്ച് തെരഞ്ഞെടുപ്പുമായി മുന്നോട്ടു പോവുന്നത് തലതിരിഞ്ഞ പരിപാടിയാണ് -അദ്ദേഹം പറഞ്ഞു. പ്രവർത്തക സമിതി അടക്കം പാർട്ടിയുടെ എല്ലാ പദവികളിലേക്കും തെരഞ്ഞെടുപ്പ് നടത്തണം. രാഹുൽ ഗാന്ധിക്ക് പ്രസിഡന്റാകാൻ താൽപര്യമില്ലെങ്കിൽ ബദൽ ക്രമീകരണം വേണം. വോട്ടെടുപ്പിലൂടെയാണ് പ്രസിഡന്റിനെ നിശ്ചയിക്കേണ്ടത്. താനോ കുടുംബത്തിൽനിന്ന് മറ്റാരെങ്കിലുമോ മത്സരിക്കാനില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞെങ്കിൽ അദ്ദേഹത്തെ വിശ്വസിക്കാതിരിക്കേണ്ട കാര്യമെന്താണ്? പകരം സംവിധാനമുണ്ടാക്കണം. തെരഞ്ഞെടുപ്പ് നടത്തണം. ആരെങ്കിലുമൊരാൾ പ്രസിഡന്റാകും.
പാർട്ടിയിൽ താഴെത്തട്ടുകാരായ ഉപജാപകർ സോണിയ ഗാന്ധിയുടെ വാക്കുപോലും കേൾക്കുന്നില്ല. 23 നേതാക്കൾ ചേർന്ന് 2020 ആഗസ്റ്റിൽ സോണിയ ഗാന്ധിക്ക് നൽകിയ കത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. അത് ഇന്നും പ്രസക്തമാണ്. ഗുലാം നബി ആസാദിന്റെ രാജി നിർഭാഗ്യകരമായി. ജമ്മു-കശ്മീരിലും ഹിമാചൽ പ്രദേശിലും നിയമസഭ തെരഞ്ഞെടുപ്പ് വരുകയാണ്. കശ്മീരിൽ വളരെ ജൂനിയറായ താരിഖ് ഹമീദ് കർറയെ രാഷ്ട്രീയകാര്യ സമിതിയുടെ തലപ്പത്തുവെച്ചശേഷം ഗുലാം നബിയെ അതിൽ അംഗമാക്കുകയാണ് ചെയ്തത്. ഗുലാം നബിയെ അപമാനിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിനു ഒരു വിലയുമില്ലെന്ന് പറയരുതായിരുന്നു -ചവാൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.